സെക്കന്തരാബാദില്‍ സൈനിക ക്യാമ്പില്‍നിന്ന് ആയുധങ്ങള്‍ മോഷ്ടിച്ചത് മുന്‍ സൈനികന്‍ ; പുറത്താക്കിയതിന്റെ പകയില്‍ മോഷണം

പ്രതിയെ സര്‍വീസില്‍നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട പകപോക്കലാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. തെലങ്കാന ഡിജിപി സി വി ആനന്ദ് ആണ് വാര്‍ത്താസമ്മേളനം വിളിച്ച് അറസ്റ്റ് അടക്കമുള്ള നടപടികള്‍ വിശദീകരിച്ചത്.

 

മോഷണം പോയ മുഴുവന്‍ ആയുധങ്ങളും ഹൈദരാബാദില്‍നിന്ന് കണ്ടെത്തി

സെക്കന്തരാബാദില്‍ കരസേനയുടെ മദ്രാസ് റെജിമെന്റിന്റെ ക്യാമ്പില്‍നിന്ന് ആയുധങ്ങള്‍ മോഷണം പോയ സംഭവത്തില്‍ മുന്‍ സൈനികന്‍ അറസ്റ്റില്‍. മുന്‍ ഹവില്‍ദാര്‍ ഉപ്പുതൊള്ള മല്ലേഷിനെ ആണ് തെലങ്കാന പൊലീസ് പിടികൂടിയത്. പ്രതിയെ മോഷണത്തിന് സഹായിച്ച രണ്ടുപേര്‍ കൂടി കസ്റ്റഡിയിലായി. മോഷണം പോയ മുഴുവന്‍ ആയുധങ്ങളും ഹൈദരാബാദില്‍നിന്ന് കണ്ടെത്തി. പ്രതിയെ സര്‍വീസില്‍നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട പകപോക്കലാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. തെലങ്കാന ഡിജിപി സി വി ആനന്ദ് ആണ് വാര്‍ത്താസമ്മേളനം വിളിച്ച് അറസ്റ്റ് അടക്കമുള്ള നടപടികള്‍ വിശദീകരിച്ചത്.

നേരത്തെ വിരമിക്കാനായി സമ്മര്‍ദം ചെലുത്തിയതില്‍ മേലുദ്യേഗസ്ഥരോട് പ്രതിക്ക് പക ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മഹബൂബ് നഗര്‍ സ്വദേശിയായ ഉപ്പുതൊള്ള മല്ലേഷ്, ഇക്കഴിഞ്ഞ ജൂണ്‍ മാസം 30നാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്. 2010ലാണ് ഇയാള്‍ കരസേനയുടെ ഭാഗമായത്. 16 വര്‍ഷം സൈന്യത്തില്‍ പ്രവര്‍ത്തിച്ച ഇയാള്‍ അച്ചടക്ക, ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം നിര്‍ബന്ധിത വിരമിക്കലിന് തയ്യാറാകുകയായിരുന്നു. സര്‍വീസില്‍ നിന്നും നിര്‍ബന്ധിതമായി വിരമിക്കേണ്ടി വന്നതിലുള്ള അസംതൃപ്തിയാണ് മോഷണത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമികമായി വ്യക്തമാകുന്നതെന്ന് ഡിജിപി അറിയിച്ചു.