കാലാവധി അവസാനിച്ച ഭക്ഷണത്തിന്റ തീയതി മാറ്റി മാറ്റി ഒട്ടിച്ചു ; 75 ലക്ഷത്തിന്റെ വ്യാജ ഉൽപന്നങ്ങളുമായി പ്രതികൾ പിടിയിൽ

പാക്കറ്റുകളിൽ രേഖപ്പെടുത്തിയിരുന്ന നിർമാണ തീയതിയും കാലാവധി തീരുന്ന തീയതിയും മാറ്റി കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിറ്റഴിച്ചിരുന്ന സംഘത്തെ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനും (എഫ്.ഡി.എ) പൊലീസും

 

 മുംബൈ : പാക്കറ്റുകളിൽ രേഖപ്പെടുത്തിയിരുന്ന നിർമാണ തീയതിയും കാലാവധി തീരുന്ന തീയതിയും മാറ്റി കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിറ്റഴിച്ചിരുന്ന സംഘത്തെ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനും (എഫ്.ഡി.എ) പൊലീസും ചേർന്ന് പിടികൂടി. മാഗി, ലേയ്സ് തുടങ്ങിയ ജനപ്രിയ ഉൽപന്നങ്ങൾ ഉൾപ്പെടെ ഏകദേശം 75.52 ലക്ഷം രൂപ വിലമതിക്കുന്ന ഭക്ഷ്യ വസ്തുക്കളാണ് അധികൃതർ പിടിച്ചെടുത്തത്. തിങ്കളാഴ്ചയാണ് ഔദ്യോഗിക വക്താക്കൾ ഈ വിവരം പുറത്തുവിട്ടത്.

തുർഭേയിലെ ടി.ടി.സി ഇൻഡസ്ട്രിയൽ ഏരിയയിലുള്ള 'സാധന എന്റർപ്രൈസസ്' എന്ന സ്ഥാപനത്തിൽ എഫ്.ഡി.എയും നവി മുംബൈ പൊലീസ് ക്രൈംബ്രാഞ്ചും ചേർന്ന് ആഗസ്റ്റ് 24നും 29നും ഇടയിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഭക്ഷ്യ ഉൽപന്നങ്ങളുടെ പാക്കറ്റുകളിൽ അച്ചടിച്ചിരുന്ന നിർമാണ തീയതിയും കാലാവധി അവസാനിക്കുന്ന തീയതിയും തിരുത്തി എഴുതുകയോ മാറ്റി പതിക്കുകയോ ചെയ്യുകയായിരുന്നു ഇവർ ചെയ്തിരുന്നത്. കൂടാതെ, യഥാർത്ഥ ലേബലുകളിലുണ്ടായിരുന്ന ചേരുവകളും പോഷകമൂല്യങ്ങളും സംബന്ധിച്ച വിവരങ്ങൾ നീക്കം ചെയ്ത് പുതിയ സ്റ്റിക്കറുകൾ ഒട്ടിക്കുകയും ചെയ്തു.

ഇത്തരത്തിൽ പാക്കറ്റുകൾ മാറ്റി ലേബൽ ഒട്ടിക്കുന്നതിലൂടെ, കാലാവധി കഴിഞ്ഞതോ ഉപയോഗശൂന്യമായതോ ആയ ഭക്ഷ്യവസ്തുക്കൾ സുഖമായി വിപണിയിൽ വിറ്റഴിക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ലേയ്സ്, കുർക്കുറെ, ഫൺ ഫ്ലിപ്സ് തുടങ്ങിയ ചിപ്‌സുകളും പലഹാരങ്ങളും, മാഗി മസാല, ആട്ട നൂഡിൽസ് എന്നിവക്കൊപ്പം റെഡി-ടു-ഈറ്റ്, റെഡി-ടു-കൂക്ക് ഭക്ഷണങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. പത്ത് കയറ്റുമതി കമ്പനികളുമായി ബന്ധപ്പെട്ട 8,442 കാർട്ടൺ സാധനങ്ങളാണ് എഫ്.ഡി.എ പിടിച്ചെടുത്തത്. ഇതിന് 75,21,269 രൂപ വിലവരും.

ഇതിന്പുറമേ, യാതൊരു ലേബലുമില്ലാത്തതും കാലാവധി കഴിഞ്ഞതുമായ ഏകദേശം 30,600 രൂപ വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കളും ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഇതോടെ പിടിച്ചെടുത്ത സാധനങ്ങളുടെ ആകെ മൂല്യം 75.52 ലക്ഷം രൂപയായി ഉയർന്നു. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ സാധന എന്റർപ്രൈസസ് സ്ഥാപനത്തിന്റെ ലൈസൻസ് എഫ്.ഡി.എ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആവശ്യമായ എഫ്.എസ്.എസ്.എ.ഐ ലൈസൻസോ വാങ്ങിയതിന്റെ ബില്ലുകളോ ഇല്ലാത്ത 'യൂണിക് ഫ്രാഗ്രൻസസ്', 'പ്രിസ്റ്റിൻ വേൾഡ്‌വൈഡ്' എന്നീ സ്ഥാപനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

തുർഭേ പൊലീസ് സ്റ്റേഷനിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട്, ഭാരതീയ ന്യായ സംഹിത എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വ്യാജമായി പുനഃക്രമീകരിച്ച് വിപണിയിലിറക്കിയ സംഘത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം നിലവിൽ പുരോഗമിക്കുകയാണെന്ന് എഫ്.ഡി.എ അറിയിച്ചു. ഉപഭോക്താക്കളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.