അന്ന് ഇ.വി.എമ്മിന് കേന്ദ്ര സായുധ പൊലീസ് സേന ആയിരുന്നു കാവൽ നിന്നിരുന്നത്, ഇന്ന് സേനയ്ക്ക് കാവൽ നിൽക്കേണ്ട ഗതികേടാണ് : മഹുവ മൊയ്ത്ര
കൊൽക്കത്ത: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ വിശ്വാസ്യത തകരുന്നതിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. മുൻകാലങ്ങളിൽ വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടിങ് യന്ത്രങ്ങൾ (ഇ.വി.എമ്മുകൾ) സ്ട്രോങ്ങ് റൂമുകളിൽ എത്തിച്ചാൽ കേന്ദ്ര സായുധ പൊലീസ് സേന ആയിരുന്നു അവയ്ക്ക് കാവൽ നിന്നിരുന്നതെന്ന് അവർ ഓർമിപ്പിച്ചു. എന്നാൽ ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുകയാണെന്നും വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ കാവൽ നിൽക്കുന്ന കേന്ദ്ര സേനയ്ക്ക് മുന്നിൽ കാവലിരിക്കേണ്ട ഗതികേടാണെന്നും അവർ പരിഹസിച്ചു.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ വ്യാപകമായി ഇ.വി.എമ്മുകൾ തകരാറിലായതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മഹുവ മൊയ്ത്ര. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനങ്ങളിൽ നിഷ്പക്ഷത നഷ്ടപ്പെടുന്നു എന്ന ആരോപണം ശരിവെക്കുന്ന രീതിയിലാണ് മഹുവയുടെ പ്രതികരണം. പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിൽ കാണിച്ച ആവേശത്തിന്റെ പകുതിയെങ്കിലും വോട്ടിങ് യന്ത്രങ്ങൾ പിഴവില്ലാതെ പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്താൻ കമീഷൻ കാണിക്കണമായിരുന്നുവെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രി മമത ബാനർജിയും സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാം ഉൾപ്പെടെയുള്ള നിർണ്ണായക മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കവെയാണ് വോട്ടിങ് യന്ത്രങ്ങളിലെ കൃത്രിമത്വത്തെയും സുരക്ഷാ വീഴ്ചയെയും കുറിച്ചുള്ള തൃണമൂൽ എം.പിയുടെ തുറന്നടി. നൂറ്റമ്പതിലധികം യന്ത്രങ്ങൾ തകരാറിലായതായി നേരത്തെ അവർ ആരോപിച്ചിരുന്നു.