ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ ഭീകരനെ കരസേന വധിച്ചു
ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ ഭീകരനെ കരസേന വധിച്ചു
സൈനികര്‍ ഭീകരരെ നേരിടുകയും കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.
മേഖലയില്‍ ഓപ്പറേഷന്‍ തുടരുകയാണെന്ന് കരസേന അറിയിച്ചു.
ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു. ബുദ്ഗാം ജില്ലയിലെ യൂസ്മാര്‍ഗിലുള്ള കൊറാഗ് മേഖലയില്‍ ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നു നടത്തിയ സംയുക്ത ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കരസേനയും ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും ചേര്‍ന്നാണ് ഓപ്പറേഷന്‍ നടത്തിയത്. കൊല്ലപ്പെട്ട ഭീകരനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കരസേന പുറത്തുവിട്ടിട്ടില്ല. മേഖലയില്‍ ഓപ്പറേഷന്‍ തുടരുകയാണെന്ന് കരസേന അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം കൊറാഗ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെയാണ് സൈനികര്‍ സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് സൈനികര്‍ ഭീകരരെ നേരിടുകയും കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഭീകരര്‍ വെടിയുതിര്‍ത്തുകൊണ്ടാണ് ഇതിനോട് പ്രതികരിച്ചത്. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചതോടെ ഇരുവിഭാഗവും തമ്മില്‍ കടുത്ത വെടിവെപ്പ് ഉണ്ടായി. കൊല്ലപ്പെട്ട ഭീകരന്‍ നിരോധിത സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ അംഗമാണെന്ന് കരസേന തിരിച്ചറിഞ്ഞു.
കൊല്ലപ്പെട്ടത് ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ ഫൗസി മൂസയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ജമ്മു കശ്മീരില്‍ നടന്ന വിവിധ ആക്രമണങ്ങളില്‍ ഉള്‍പ്പെട്ട ഭീകരനാണ് മൂസ. യൂസ്മാര്‍ഗില്‍ സെപ്റ്റംബര്‍ അഞ്ചിന് ഉണ്ടായ ഏറ്റുമുട്ടലില്‍ മൂസ രക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ മൂസയുടെ അടുത്ത സഹായി യാസിറിനെ കരസേന വധിച്ചിരുന്നു.