വോട്ട് ചെയ്യാനെത്തിയ നടന്‍ അക്ഷയ് കുമാറിനോട് പരാതി പറഞ്ഞ് വയോധികന്‍

2018 ല്‍ പത്ത് ലക്ഷം രൂപ മുടക്കിയായിരുന്നു ജുഹു, വെര്‍സോവ ബീച്ചുകളില്‍ പൊതുശൗചാലയങ്ങള്‍ സ്ഥാപിച്ചത്.

 

വയോധികന്റെ പരാതി കേട്ട അക്ഷയ് കുമാര്‍ വിഷയം ബ്രിഹന്‍ മുംബൈ മുനിസിപ്പില്‍ കോര്‍പറേഷന്റെ (ബിഎംസി) ശ്രദ്ധയില്‍പ്പെടുത്താമെന്ന് മറുപടി നല്‍കി.

വോട്ട് ചെയ്യാനെത്തിയ ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനോട് പരാതി പറഞ്ഞ് വയോധികന്‍. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശിവസേനാ നേതാവ് ആദിത്യ താക്കറെയുമായി ചേര്‍ന്ന് ജുഹു, വെര്‍സോവ ബീച്ചുകളില്‍ നടന്‍ സ്ഥാപിച്ച പൊതുശൗചാലയങ്ങള്‍ പ്രവര്‍ത്തനരഹിതമായെന്നായിരുന്നു വയോധികന്റെ പരാതി. വയോധികന്റെ പരാതി കേട്ട അക്ഷയ് കുമാര്‍ വിഷയം ബ്രിഹന്‍ മുംബൈ മുനിസിപ്പില്‍ കോര്‍പറേഷന്റെ (ബിഎംസി) ശ്രദ്ധയില്‍പ്പെടുത്താമെന്ന് മറുപടി നല്‍കി.

2018 ല്‍ പത്ത് ലക്ഷം രൂപ മുടക്കിയായിരുന്നു ജുഹു, വെര്‍സോവ ബീച്ചുകളില്‍ പൊതുശൗചാലയങ്ങള്‍ സ്ഥാപിച്ചത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോഴായിരുന്നു അക്ഷയ് കുമാറിനെ വയോധികന്‍ കാണുന്നത്. പൊതുശൗചാലയങ്ങളുടെ ശോചനാവസ്ഥ അദ്ദേഹം അക്ഷയ് കുമാറിനോട് വിശദീകരിച്ചു. വയോധികന്റെ പരാതി കേട്ട് അക്ഷയ് കുമാര്‍ ആദ്യമൊന്ന് അമ്പരന്നു.

ബ്രിഹന്‍ മുബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ശൗചാലയങ്ങള്‍ പരിപാലിക്കുന്നില്ലെന്ന് വയോധികന്‍ പറഞ്ഞു. ഇതിനൊരു പരിഹാരം കാണണമെന്നും വയോധികന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൊതുശൗചാലയങ്ങള്‍ സ്ഥാപിക്കുക എന്നതായിരുന്നു തന്റെ കര്‍ത്തവ്യമെന്നും അതോടെ തന്റെ ഭാഗം കഴിഞ്ഞു എന്നുമായിരുന്നു അക്ഷയ് കുമാര്‍ വയോധികനോട് പറഞ്ഞത്. വിഷയം ബിഎംസിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. ശൗചാലയങ്ങള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ഇനിയും തുടരണമെന്ന് പറഞ്ഞാണ് വയോധികന്‍ മടങ്ങിയത്.