രാജ്യത്തെ വിവിധ അഴിമതിക്കേസുകളിൽ 5.6 ബില്യൺ ഡോളറിന്റെ സ്വത്തുക്കൾ പിടിച്ചെടുത്ത് ഇഡി
ന്യൂഡൽഹി: രാജ്യത്തെ വിവിധ അഴിമതിക്കേസുകളിലും സാമ്പത്തിക ക്രമക്കേടുകളിലും 5.6 ബില്യൺ ഡോളർ (ഏകദേശം 47,000 കോടിയിലധികം രൂപ) മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടുകയും അർഹരായവർക്ക് തിരിച്ചുനൽകുകയും ചെയ്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് .ഇഡി ഡയറക്ടറാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയൽ നിയമം എന്നിവ കർശനമായി നടപ്പിലാക്കിയതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അഴിമതിയിലൂടെയും സാമ്പത്തിക തട്ടിപ്പിലൂടെയും നഷ്ടപ്പെട്ട 5.6 ബില്യൺ ഡോളറിന്റെ ആസ്തികൾ കണ്ടുകെട്ടി. വിജയ് മല്യ, നിരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയ വമ്പൻ സാമ്പത്തിക കുറ്റവാളികളിൽ നിന്ന് പിടിച്ചെടുത്ത സ്വത്തുക്കളുടെ വലിയൊരു ഭാഗം പൊതുമേഖലാ ബാങ്കുകൾക്ക് കൈമാറി.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെട്ട നിരവധി പ്രമുഖ കേസുകളിൽ ഇഡി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇഡി തിരിച്ചുപിടിച്ച സ്വത്തുക്കളുടെ കണക്കുകൾ പുറത്തുവരുമ്പോഴും, കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ സർക്കാർ ആയുധമാക്കുന്നു എന്ന ശക്തമായ ആരോപണം പ്രതിപക്ഷം ഉയർത്തുന്നുണ്ട്.
ബിജെപി ഇതര സംസ്ഥാനങ്ങളിലെ നേതാക്കളെ ലക്ഷ്യമിട്ടുള്ള റെയ്ഡുകളും അറസ്റ്റുകളും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കെയാണ് ഇഡിയുടെ പുതിയ വെളിപ്പെടുത്തൽ. അഴിമതിക്കെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്നും സാമ്പത്തിക കുറ്റകൃത്യങ്ങളിലൂടെ സമ്പാദിക്കുന്ന ഓരോ രൂപയും പിടിച്ചെടുക്കുമെന്നും ഇഡി ഡയറക്ടർ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി വിദേശ ഏജൻസികളുമായുള്ള സഹകരണം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.