അദാനിക്കെതിരെ കോടതിയിൽ പോയതിനു പിന്നാലെ 'വേദാന്ത'യുടെ ഓഫീസുകളിൽ ഇ.ഡി റെയ്‌ഡ്
ജയ്പ്രകാശ് അസോസിയേറ്റ്സ് ഏറ്റെടുക്കൽ കേസിൽ അദാനി ഗ്രൂപ്പിനെതിരെ നിയമപോരാട്ടം നടത്തിയതിന് പിന്നാലെ അനിൽ അഗർവാളിന്റെ ഉടമസ്ഥതയിലുള്ള വേദാന്ത ഗ്രൂപ്പിന്റെ ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്.
ജയ്പ്രകാശ് അസോസിയേറ്റ്സ് ഏറ്റെടുക്കൽ കേസിൽ അദാനി ഗ്രൂപ്പിനെതിരെ നിയമപോരാട്ടം നടത്തിയതിന് പിന്നാലെ അനിൽ അഗർവാളിന്റെ ഉടമസ്ഥതയിലുള്ള വേദാന്ത ഗ്രൂപ്പിന്റെ ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഡൽഹി, മുംബൈ, രാജസ്ഥാനിലെ ഉദയ്പൂർ എന്നിവിടങ്ങളിലെ വേദാന്തയുടെ കോർപ്പറേറ്റ് ഓഫീസുകളിലാണ് ഇന്ന് രാവിലെ മുതൽ ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘിച്ചുവെന്ന സംശയത്തെ തുടർന്നാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. വേദാന്ത ലിമിറ്റഡ് തങ്ങളുടെ യുകെ ആസ്ഥാനമായുള്ള മാതൃസ്ഥാപനമായ വേദാന്ത റിസോഴ്‌സസിന് റോയൽറ്റി, ബ്രാൻഡ് ഫീ ഇനത്തിൽ നൽകിയ പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്.
ജയ്പ്രകാശ് അസോസിയേറ്റ്സ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും വേദാന്തയും തമ്മിൽ വലിയ കിടമത്സരം നടന്നിരുന്നു. അദാനിയേക്കാൾ ഉയർന്ന തുക വേദാന്ത വാഗ്ദാനം ചെയ്തിരുന്നെങ്കിലും ക്രെഡിറ്റേഴ്‌സ് കമ്മിറ്റി അദാനി എന്റർപ്രൈസസിന്റെ റെസല്യൂഷൻ പ്ലാനാണ് അംഗീകരിച്ചത്. ഇതിനെതിരെ വേദാന്ത നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനെ (എൻസിഎൽഎടി) സമീപിച്ചിരുന്നെങ്കിലും മെയ് നാലിന് അപ്പീൽ തള്ളിക്കൊണ്ട് അദാനിക്ക് അനുകൂലമായ വിധി വന്നു. ഈ നിയമപോരാട്ടത്തിൽ വേദാന്ത സുപ്രീം കോടതി വരെ പോയി പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇഡി പരിശോധന.
റെയ്ഡിനോട് പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്ന് വേദാന്ത ഗ്രൂപ്പ് പ്രതികരിച്ചു. അധികൃതർ ആവശ്യപ്പെടുന്ന എല്ലാ രേഖകളും വിവരങ്ങളും കൃത്യമായി നൽകുന്നുണ്ടെന്നും നിയമവ്യവസ്ഥകൾ പാലിക്കാൻ കമ്പനി ബാധ്യസ്ഥരാണെന്നും വേദാന്ത വക്താവ് വ്യക്തമാക്കി. അറസ്റ്റുകളോ വസ്തുവകകൾ പിടിച്ചെടുക്കലോ നടന്നതായി റിപ്പോർട്ടുകളില്ല. പ്രധാനമായും വേദാന്ത തങ്ങളുടെ ബിസിനസ്സ് വിവിധ കമ്പനികളായി വിഭജിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച സമയത്താണ് ഈ ഇഡി പരിശോധന. റെയ്ഡിന്റെ പശ്ചാത്തലത്തിൽ വേദാന്ത ലിമിറ്റഡിന്റെ ഓഹരികളിൽ വ്യാപാരത്തിനിടെ വലിയ ചാഞ്ചാട്ടങ്ങളും താൽക്കാലിക ഇടിവും രേഖപ്പെടുത്തി.