പൗരന്മാരെ പീഡിപ്പിക്കാന്‍ നിയമത്തെ ഉപയോഗിക്കരുത് : ഇഡിയ്ക്ക് ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
ഇഡിയ്ക്ക് മുന്നറിയിപ്പ് നൽകി ബോംബെ ഹൈക്കോടതി. മനസ്സിരുത്തിയാകണം കേസിന്റെ അന്വേഷണമെന്നും നിയമാനുസൃതം അന്വേഷണം നടത്തണമെന്നും
Jan 22, 2025, 16:20 IST
മുംബൈ: ഇഡിയ്ക്ക് മുന്നറിയിപ്പ് നൽകി ബോംബെ ഹൈക്കോടതി. മനസ്സിരുത്തിയാകണം കേസിന്റെ അന്വേഷണമെന്നും നിയമാനുസൃതം അന്വേഷണം നടത്തണമെന്നും പൗരന്മാരെ പീഡിപ്പിക്കാന്‍ നിയമത്തെ ഉപയോഗിക്കരുതെന്നും ഇഡിയോട് ബോംബെ ഹൈക്കോടതി. ഒരു ലക്ഷം രൂപ പിഴയും ഇഡിക്ക് ചുമത്തിയിട്ടുണ്ട്.
കള്ളപ്പണ ഇടപാട് കേസിലെ നടപടിക്രമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ജസ്റ്റിസ് മിലിന്ദ് ജാദവ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.
കുറ്റം ചുമത്താനാവശ്യമായ പല ഘടകങ്ങളും കേസിലില്ലെന്നും ഒരു പൗരന്‍ കരാറുകളില്‍ ഏര്‍പ്പെടുന്നതുകൊണ്ട് മാത്രം കള്ളപ്പണ ഇടപാടായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സാധാരണ വ്യാപാര നടപടികളെ തെറ്റായി വ്യാഖ്യാനിക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.