കള്ളപ്പണ ഇടപാട് കേസില്‍ പഞ്ചാബ് മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി
ഗുരുഗ്രാമിലെ കോടതിയുടേതാണ് നടപടി.
കോടതിയില്‍ ഹാജരാക്കിയ സഞ്ജീവ് അറോറയെ ഏഴ് ദിവസത്തെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു.
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി-ബിജെപി തര്‍ക്കം രൂക്ഷമാകുന്നതിനിടെ പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണ ഇടപാട് കേസിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ സഞ്ജീവ് അറോറയെ ഏഴ് ദിവസത്തെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു. ഗുരുഗ്രാമിലെ കോടതിയുടേതാണ് നടപടി.
മൊബൈല്‍ ഫോണ്‍ വില്‍പനയുമായി ബന്ധപ്പെട്ട് ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജ കമ്പനികള്‍ വഴി വ്യാജ ജിഎസ്ടി ഇന്‍വോയിസുകള്‍ സൃഷ്ടിച്ച് 100 കോടിയിലധികം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റും ജിഎസ്ടി റീഫണ്ടും തട്ടിയെടുത്തുവെന്നും ഇ ഡി ആരോപിക്കുന്നു. പഞ്ചാബ് ക്യാബിനറ്റ് മന്ത്രിയാണ് സഞ്ജീവ് അറോറ.
അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും ആസൂത്രിതവുമാണെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അവര്‍ (ഇ ഡി) നേരിട്ട് വന്ന് മന്ത്രിയെ അറസ്റ്റ് ചെയ്തു. ഇതുവരെ തങ്ങള്‍ക്ക് എഫ്ഐആര്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.