ആഗോള പ്രതിസന്ധിയുടെ സാമ്പത്തിക ഭാരം സാധാരണക്കാരുടെ മാത്രം ചുമലിൽ അടിച്ചേൽപ്പിക്കരുത്, നികുതി കുറയ്ക്കണം : കമൽഹാസൻ

പെട്രോൾ, ഡീസൽ വില വർധനവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി മക്കൾ നീതി മയ്യം പ്രസിഡന്റും രാജ്യസഭാംഗവുമായ കമൽഹാസൻ രംഗത്തെത്തി. ആഗോള പ്രതിസന്ധിയുടെ സാമ്പത്തിക ഭാരം സാധാരണക്കാരുടെ മാത്രം ചുമലിൽ അടിച്ചേൽപ്പിക്കരുതെന്നും,

 

പെട്രോൾ, ഡീസൽ വില വർധനവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി മക്കൾ നീതി മയ്യം പ്രസിഡന്റും രാജ്യസഭാംഗവുമായ കമൽഹാസൻ രംഗത്തെത്തി. ആഗോള പ്രതിസന്ധിയുടെ സാമ്പത്തിക ഭാരം സാധാരണക്കാരുടെ മാത്രം ചുമലിൽ അടിച്ചേൽപ്പിക്കരുതെന്നും, സർക്കാരുകൾ കൂടി ഇതിന്റെ ഭാരം പങ്കിടാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് കമൽഹാസൻ തന്റെ അഭിപ്രായം പങ്കുവെച്ചത്.

ത്യാഗം പൗരന്മാരിൽ നിന്ന് മാത്രം പ്രതീക്ഷിക്കാൻ കഴിയില്ലെന്നും, ഇതിനായി പ്രധാനമന്ത്രി എല്ലാ മുഖ്യമന്ത്രിമാരുടെയും അടിയന്തര യോഗം വിളിച്ചുചേർക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പെട്രോളിനും ഡീസലിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയിട്ടുള്ള വാറ്റ് പോലുള്ള നികുതികൾ കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രെയിൻ, മെട്രോ, ബസ് നിരക്കുകൾ കുറയ്ക്കുന്നതിലൂടെ ആളുകളെ കൂടുതൽ പൊതുഗതാഗത സംവിധാനങ്ങളിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യം മുൻപും പ്രതിസന്ധികളെ ഐക്യത്തിലൂടെ അതിജീവിച്ചിട്ടുണ്ടെന്നും, ആ ദേശീയ വീര്യം വീണ്ടും ഉണർത്തേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാർട്ടി രാഷ്ട്രീയത്തിന് അതീതമായി ദേശീയ ഉത്തരവാദിത്തത്തോടെ കാര്യങ്ങളെ സമീപിക്കണമെന്നും മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ വാക്കുകൾ കടമെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. വിദേശ എണ്ണയെയും വാതകത്തെയും ആശ്രയിക്കുന്നത് കുറയ്ക്കാൻ സൗരോർജ്ജം, കാറ്റാടിപ്പാടങ്ങൾ, ആണവോർജ്ജം തുടങ്ങിയ ബദൽ മാർഗ്ഗങ്ങളിൽ സർക്കാർ നടത്തുന്ന നിക്ഷേപങ്ങളെ അദ്ദേഹം പ്രശംസിച്ചു. ആഗോള പ്രതിസന്ധികളെ രാജ്യം ഒറ്റക്കെട്ടായി നേരിട്ടാൽ ഇന്ത്യക്ക് കൂടുതൽ കരുത്തോടെ മുന്നേറാൻ കഴിയുമെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.