ഓണ്‍ലൈനില്‍ നിരോധിത വിഷവസ്തു വിറ്റു: 17-കാരന്റെ മരണത്തില്‍ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമിനെതിരെ കേസ്
ഓണ്‍ലൈനില്‍ നിരോധിത വിഷവസ്തു വിറ്റു: 17-കാരന്റെ മരണത്തില്‍ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമിനെതിരെ കേസ്
അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗുരുഗ്രാമിലെ ബാദ്ഷാപൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
ഈ വിഷവസ്തു ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്പായ മീഷോ വഴി സൂറത്തിലെ ഒരു വ്യാപാരിയില്‍ നിന്നാണ് ഓര്‍ഡര്‍ ചെയ്ത് വരുത്തിയതെന്ന് കണ്ടെത്തിയത്.
ഗുരുഗ്രാമിലെ ടിക്ലി ഗ്രാമത്തില്‍ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ യുവിയെന്ന 17-കാരന്‍ മരിച്ച സംഭവത്തില്‍ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയ്‌ക്കെതിരെ കേസ്. സൂറത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉല്‍പ്പന്ന വില്‍പനക്കാരനെതിരെയും ഗുരുഗ്രാം പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏപ്രില്‍ 28-നാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ യുവി എന്ന വിദ്യാര്‍ത്ഥി സള്‍ഫാസ് എന്ന മാരക വിഷവീര്യമുള്ള കെമിക്കല്‍ കഴിച്ച് മരണപ്പെടുന്നത്. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിച്ച അമ്മ അനുരാധ മെഹ്ര, ഓഗസ്റ്റില്‍ മകന്റെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ഈ വിഷവസ്തു ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്പായ മീഷോ വഴി സൂറത്തിലെ ഒരു വ്യാപാരിയില്‍ നിന്നാണ് ഓര്‍ഡര്‍ ചെയ്ത് വരുത്തിയതെന്ന് കണ്ടെത്തിയത്.
അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗുരുഗ്രാമിലെ ബാദ്ഷാപൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കര്‍ഷകര്‍ക്കും മറ്റും കൃഷി ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അനുമതിയുള്ളതും കര്‍ശന നിയന്ത്രണങ്ങളുള്ളതുമായ മാരകമായ വിഷവസ്തുക്കള്‍ യാതൊരു പരിശോധനയുമില്ലാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. സൂറത്തിലുള്ള വില്‍പനക്കാരന്റെ പേരിലാണ് വിഷവസ്തു ഓര്‍ഡര്‍ ചെയ്തിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നിലെ ഓര്‍ഡര്‍ വിശദാംശങ്ങളും ഡിജിറ്റല്‍ ഇടപാടുകളുടെ വിവരങ്ങളും ശേഖരിച്ചുവരികയാണെന്നും നിയമവിരുദ്ധമായി ഇത്തരത്തിലുള്ള മാരക വസ്തുക്കള്‍ വില്‍ക്കാന്‍ സൗകര്യമൊരുക്കിയ പ്ലാറ്റ്ഫോമിനും വില്‍പനക്കാരനുമെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.