മദ്യപിച്ച് കാലിൽ ചവിട്ടിയതിനെ ചൊല്ലി തർക്കം : മധ്യവയസ്‌കനെ കുത്തിക്കൊന്ന് 27കാരൻ
ബെംഗളൂരു: മദ്യപിച്ച് കാലിൽ ചവിട്ടി. 52 കാരനെ കുത്തിക്കൊന്ന് 27കാരൻ. ബെംഗളൂരുവിലാണ് സംഭവം. മൂർത്തി എന്ന 52കാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അയൽവാസിയായ 27കാരൻ കീർത്തിയാണ് സംഭവ ത്തിൽ അറസ്റ്റിലായത്. ബെംഗളൂരുവിലെ സൊന്നേനഹള്ളിയിലെ താമസക്കാരാണ് ഇരുവരും. ബെംഗളൂരുവിനെ പടിഞ്ഞാറ് ഭാഗത്താണ് ഇവിടം.
ഞായറാഴ്ച പിതൃ പക്ഷ ചടങ്ങുമായി ബന്ധപ്പെട്ട് മൂർത്തിയുടെ സഹോദരൻ അയാളുടെ വീട്ടിൽ വച്ച് ഒരു പാർട്ടി നടത്തിയിരുന്നു. ഇതിലേക്ക് കീർത്തിയും മൂർത്തിയും അടക്കമുള്ളവർ എത്തിയിരുന്നു. മദ്യപിച്ച് ലക്കുകെട്ടിരിക്കെ നടക്കുന്നതിനിടയിൽ മൂർത്തി കീർത്തിയുടെ കാലിൽ ചവിട്ടിയിരുന്നു. മദ്യ ലഹരിയിൽ ആയിരുന്ന കീർത്തി ഇതിനേ ചൊല്ലി 52കാരനുമായി തർക്കത്തിലായി.
വാക്കേറ്റം തണുപ്പിക്കാൻ ഒപ്പമുണ്ടായിരുന്നവർ ശ്രമിച്ചതോടെ കീർത്തി വീട്ടിൽ നിന്ന് പുറത്ത് പോയി. അൽപനേരത്തിനുള്ളിൽ മടങ്ങി എത്തിയ കീർത്തി മൂർത്തിയെ കത്തിവച്ച് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് 52കാരൻ നിലത്ത് വീണതോടെ യുവാവ് സംഭവ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. ഇയാളെ പൊലീസ് പിന്നീട് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.
കീർത്തി ഓൺലൈനിൽ വാങ്ങിയ കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് ആരോപിക്കുന്നത്. സംഭവത്തിൽ കൊലപാതകത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ മൂർത്തിയും കീർത്തിക്കും ഇടയിൽ സാമ്പത്തിക ഇടപാടിനേ ചൊല്ലി തർക്കം നില നിന്നിരുന്നതായാണ് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.