ഡ്രൈവര്‍മാരുടെ സമരം; വിവാഹ ദിവസം 28 കിലോമീറ്റര്‍ നടന്ന് വരനും കുടുംബവും

വ്യാഴാഴ്ച രാത്രി വീട്ടില്‍ നിന്നിറങ്ങിയ വരന്‍ വെള്ളിയാഴ്ച വധുവിന്റെ വീട്ടിലെത്തി വിവാഹം ചെയ്യുകയായിരുന്നു.
 

വിവാഹ ദിനത്തില്‍ 28 കിലോമീറ്റര്‍ നടന്ന് വധുവിന്റെ വീട്ടിലെത്തി വരന്‍. റായഗഡ ജില്ലയിലാണ് സംഭവം. ഡ്രൈവര്‍മാരുടെ സമരത്തെ തുടര്‍ന്ന് വരനും കുടുംബാംഗങ്ങളും 28 കിലോമീറ്റര്‍ നടന്നാണ് റായഗഡ ഗ്രാമത്തിലുള്ള വധുവിന്റെ വീട്ടിലെത്തിയത്. വ്യാഴാഴ്ച രാത്രി വീട്ടില്‍ നിന്നിറങ്ങിയ വരന്‍ വെള്ളിയാഴ്ച വധുവിന്റെ വീട്ടിലെത്തി വിവാഹം ചെയ്യുകയായിരുന്നു. വരനും കുടുംബാം?ഗങ്ങളും നടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ഡ്രൈവര്‍മാരുടെ പണിമുടക്ക് കാരണം വാഹനസൗകര്യം ലഭ്യമായില്ല. ഗ്രാമത്തിലെത്താന്‍ ഞങ്ങള്‍ രാത്രി മുഴുവന്‍ നടന്നു. ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു' വരന്റെ കുടുംബാംഗങ്ങളില്‍ ഒരാള്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെയായിരുന്നു വിവാഹം. ഡ്രൈവേഴ്‌സ് അസോസിയേഷന്‍ സമരം പിന്‍വലിക്കുന്നതും കാത്ത് വരനും കുടുംബാംഗങ്ങളും അന്ന് വധുവിന്റെ വീട്ടില്‍ തങ്ങി. ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡ് രൂപീകരണം തുടങ്ങിയ നടപടികള്‍ ആവശ്യപ്പെട്ട് ഡ്രൈവര്‍ ഏകതാ മഹാസംഘ് ബുധനാഴ്ച മുതല്‍ ഒഡീഷയിലുടനീളം അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിരുന്നു. തങ്ങളുടെ എല്ലാ ആവശ്യങ്ങളും നടപ്പാക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്ന് ഒഡീഷയിലെ വാണിജ്യ വാഹന ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്ക് 90 ദിവസത്തേക്ക് നിര്‍ത്തിവച്ചു. രണ്ട് ലക്ഷത്തിലധികം ഡ്രൈവര്‍മാരുടെ പണിമുടക്ക് വിവിധ സ്ഥലങ്ങളിലെ ഓഫീസ് യാത്രക്കാരെയും വിനോദസഞ്ചാരികളെയും ഉള്‍പ്പെടെയുള്ളവരെ ബാധിച്ചിരുന്നു.