ഡൽഹിയിൽ നിയന്ത്രണം വിട്ട് ഡബിൾ ഡക്കർ ബസ് മറിഞ്ഞ് അപകടം : രണ്ട് മരണം 

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് പേർ മരിച്ചു. ജയ്പൂരിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന സ്വകാര്യ ഡബിൾ ഡക്കർ സ്ലീപ്പർ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ബസ്സിലുണ്ടായിരുന്ന 25 യാത്രക്കാരിൽ 23 പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

 
 ന്യൂഡൽഹി: ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് പേർ മരിച്ചു. ജയ്പൂരിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന സ്വകാര്യ ഡബിൾ ഡക്കർ സ്ലീപ്പർ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ബസ്സിലുണ്ടായിരുന്ന 25 യാത്രക്കാരിൽ 23 പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. നവരാത്രി ആഘോഷങ്ങൾ നടക്കുന്ന പ്രശസ്തമായ ക്ഷേത്രത്തിന് സമീപം വെച്ചാണ് ബസ് നിയന്ത്രണം വിട്ടത്. സ്ലീപ്പർ ബസ്സായതിനാൽ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. അപകടം നടന്ന ഉടനെ തന്നെ ഡൽഹി ഫയർ സർവിസിന്റെ രണ്ട് യൂനിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ബസ് പൂർണമായും തകർന്ന് സീറ്റുകളും ചില്ലുകളും റോഡിലാകെ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. പരിക്കേറ്റ 23 പേരെയും ഉടൻ തന്നെ ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ബസ്സിനുള്ളിൽ കുടുങ്ങിക്കിടന്നവരെ ഏറെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്. ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്കായി എത്തിയവരും പൊലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടകാരണം വ്യക്തമല്ലെങ്കിലും അമിതവേഗതയോ ഡ്രൈവർ ഉറങ്ങിപ്പോയതോ ആകാം അപകടത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനം.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.