ഖജനാവില്‍ പണമില്ലെന്ന് പറഞ്ഞ് തുടങ്ങരുത് ; വിജയ്യുടെ വിമര്‍ശനത്തിന് മറുപടിയുമായി സ്റ്റാലിന്‍

പത്തുലക്ഷം കോടി രൂപയുടെ കടം ബാക്കിവെച്ച് മുന്‍ സര്‍ക്കാര്‍ ഖജനാവ് കാലിയാക്കിയെന്നാണ് താങ്കള്‍ പറയുന്നത്.

 

സര്‍ക്കാര്‍ എണ്ണമറ്റ ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയതെന്ന് സ്റ്റാലിന്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ഡിഎംകെ സര്‍ക്കാരിനെ കുറ്റപ്പെടുക്കിയ വിജയ്ക്ക് മറുപടിയുമായി എം കെ സ്റ്റാലിന്‍. തുടക്കത്തില്‍ തന്നെ സര്‍ക്കാരിന്റൈ കൈയില്‍ പണമില്ലെന്ന് സംസാരിച്ച് തുടങ്ങരുതെന്ന് സ്റ്റാലിന്‍ പറഞ്ഞു. കേന്ദ്ര അവഗണനയെ മറികടന്നും കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ചുമാണ് കഴിഞ്ഞ സര്‍ക്കാര്‍ എണ്ണമറ്റ ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയതെന്ന് സ്റ്റാലിന്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

പത്തുലക്ഷം കോടി രൂപയുടെ കടം ബാക്കിവെച്ച് മുന്‍ സര്‍ക്കാര്‍ ഖജനാവ് കാലിയാക്കിയെന്നാണ് താങ്കള്‍ പറയുന്നത്. അനുവദനീയമായ പരിധിക്കുള്ളിലാണ് സംസ്ഥാനത്തെ കടം. വോട്ട് ചെയ്ത ജനങ്ങളെ വീണ്ടും പറ്റിച്ച് വഴിതിരിച്ച് വിടരുതെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇതോടൊപ്പം വിജയ്യുടെ ഭരണത്തില്‍ തമിഴ്നാടിന്റെ വികസന യാത്ര തുടരാന്‍ കഴിയട്ടെയെന്നും സ്റ്റാലിന്‍ ആശംസിച്ചു.

'എന്തും നേരിടാന്‍ തയ്യാറാണ്. എട്ട് കോടി ജനങ്ങളും എന്റേതാണ്. തെറ്റ് ചെയ്യില്ല, ചെയ്യാന്‍ അനുവദിക്കില്ല, ചെയ്തവനെ വിടില്ല. ഖജനാവ് കാലിയാണ്. ജനങ്ങളുടെ ഒരു ചില്ലിക്കാശും ഞാന്‍ തൊടില്ല. ഒപ്പം നിന്നവര്‍ക്ക് നന്ദി. തമിഴ്നാട്ടില്‍ പുതിയ യുഗത്തിന് തുടക്കമാവുന്നു. നമുക്കൊരുമിച്ച് മുന്നോട്ട് പോകാം. സഖ്യ കക്ഷികള്‍ക്ക് നന്ദി' എന്നാണ് സത്യപ്രതിജ്ഞ ചെയ്ത് വിജയ് പറഞ്ഞത്. ഇതാണ് സ്റ്റാലിനെ ചൊടിപ്പിച്ചത്.