വാട്സ്ആപ്പ് വെബ് ലോഗ്ഔട്ട് ചെയ്യാൻ മറക്കരുത്; സൈബർ തട്ടിപ്പിന് സാധ്യതയെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്
കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും വാട്സ്ആപ്പ് വെബ് ഉപയോഗിച്ച ശേഷം ലോഗ്ഔട്ട് ചെയ്യാതെ പോകുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ലോഗ് ഇൻ ചെയ്ത നിലയിൽ കിടക്കുന്ന സെഷനുകളുടെ നിയന്ത്രണം സൈബർ കുറ്റവാളികൾ ഏറ്റെടുക്കാനും തട്ടിപ്പുകൾ നടത്താനും സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ക്രൈം വിഭാഗം ജാഗ്രതാ നിർദേശം നൽകി.
ന്യൂഡൽഹി: കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും വാട്സ്ആപ്പ് വെബ് ഉപയോഗിച്ച ശേഷം ലോഗ്ഔട്ട് ചെയ്യാതെ പോകുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ലോഗ് ഇൻ ചെയ്ത നിലയിൽ കിടക്കുന്ന സെഷനുകളുടെ നിയന്ത്രണം സൈബർ കുറ്റവാളികൾ ഏറ്റെടുക്കാനും തട്ടിപ്പുകൾ നടത്താനും സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ക്രൈം വിഭാഗം ജാഗ്രതാ നിർദേശം നൽകി.
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന് കീഴിലുള്ള നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റാണ് (NCTAU) പുതിയ സുരക്ഷാ നിർദേശം പുറത്തിറക്കിയത്. വാട്സ്ആപ്പ് വെബ് ലോഗ് ഇൻ ചെയ്ത നിലയിലാണെങ്കിൽ ഉപയോക്താവിന്റെ സ്വകാര്യ സന്ദേശങ്ങൾ, കോൺടാക്റ്റുകൾ, ഗ്രൂപ്പ് സംഭാഷണങ്ങൾ എന്നിവ മറ്റുള്ളവർക്ക് കാണാൻ സാധിക്കും. കൂടാതെ, അക്കൗണ്ട് ഉടമയെന്ന വ്യാജേന സന്ദേശങ്ങൾ അയച്ച് ഉപയോക്താവിന്റെ വിശ്വാസ്യത മുതലെടുത്ത് സാമ്പത്തിക തട്ടിപ്പുകൾ നടത്താനും സൈബർ കുറ്റവാളികൾക്ക് സാധിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ബ്രൗസർ വിൻഡോയോ ടാബോ അടച്ചതുകൊണ്ട് മാത്രം വാട്സ്ആപ്പ് വെബ് സെഷൻ അവസാനിക്കില്ല. അതിനാൽ അനധികൃത കടന്നുകയറ്റം തടയാൻ ഓരോ തവണ ഉപയോഗിച്ച ശേഷവും നിർബന്ധമായും ലോഗ് ഔട്ട് ചെയ്യണം. ഓഫീസ് കമ്പ്യൂട്ടറുകൾ, മറ്റുള്ളവരുമായി പങ്കിടുന്ന സിസ്റ്റങ്ങൾ, പൊതുസ്ഥലങ്ങളിലെ കമ്പ്യൂട്ടറുകൾ എന്നിവയിൽ വാട്സ്ആപ്പ് വെബ് ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം. ഉപയോഗം കഴിഞ്ഞാലുടൻ ലോഗ് ഔട്ട് ചെയ്യുന്നതിനൊപ്പം ഫോണിലെ 'ലിങ്ക്ഡ് ഡിവൈസസ്' (Linked Devices) പരിശോധിച്ച് അനാവശ്യ സെഷനുകൾ നീക്കം ചെയ്യാനും നിർദേശമുണ്ട്.
പൊതുസ്ഥലങ്ങളിലെ കമ്പ്യൂട്ടറുകളിൽ വാട്സ്ആപ്പ് വെബ് ഉപയോഗിക്കേണ്ടി വന്നാൽ ഇൻകോഗ്നിറ്റോ (Incognito) അല്ലെങ്കിൽ പ്രൈവറ്റ് ബ്രൗസിങ് മോഡ് ഉപയോഗിക്കണം. പങ്കിടുന്ന കമ്പ്യൂട്ടറുകളിലെ വാട്സ്ആപ്പ് വെബ് വഴി പ്രധാനപ്പെട്ടതോ രഹസ്യസ്വഭാവമുള്ളതോ ആയ രേഖകളും വിവരങ്ങളും കൈമാറുന്നത് ഒഴിവാക്കണമെന്നും, ബ്രൗസറുകളിലെയും ഡിവൈസുകളിലെയും സുരക്ഷാ അപ്ഡേറ്റുകൾ കൃത്യസമയത്ത് തന്നെ ചെയ്യണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.