പ്രായപൂര്‍ത്തിയായ മക്കളുടെ വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകളില്‍ മാതാപിതാക്കളെ കുറ്റപ്പെടുത്തരുത് ; അസം മന്ത്രിയുടെ മകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി
കേശബ് മഹന്തയെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്റെയും വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന്റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവം വലിയ ചര്‍ച്ചയായി.
അസം മന്ത്രിയുടെ മകള്‍ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ പങ്കെടുത്ത സംഭവത്തില്‍ മന്ത്രിയെ അധിക്ഷേപിക്കുകയോ വേട്ടയാടുകയോ ചെയ്യരുതെന്ന് വ്യക്തമാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ഗുവാഹത്തിയില്‍ നടന്ന പ്രതിഷേധത്തിലാണ് അസം കാബിനറ്റ് മന്ത്രിയും ബി.ജെ.പി സഖ്യകക്ഷിയായ അസം ഗണ പരിഷത് നേതാവുമായ കേശബ് മഹന്തയുടെ മകള്‍ പങ്കെടുത്തത്. നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ നടപടി ആവശ്യപ്പെട്ടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ഗുവാഹത്തിയിലെ ചാച്ചലില്‍ നടന്ന സമരത്തിലാണ് മന്ത്രിയുടെ മകള്‍ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്റെയും വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന്റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവം വലിയ ചര്‍ച്ചയായി.
പ്രായപൂര്‍ത്തിയായ മക്കളുടെ വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകളുടെയും പ്രവര്‍ത്തനങ്ങളുടെയും പേരില്‍ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. കേശബ് മഹന്തയെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 'കുട്ടികള്‍ മുതിര്‍ന്നു കഴിഞ്ഞാല്‍ അവരുടെ പ്രവര്‍ത്തനങ്ങളെ മാതാപിതാക്കളുമായി കൂട്ടിക്കെട്ടരുത്. നാളെ എന്റെ മകന്‍ അഭിഭാഷകനാകുമ്പോള്‍ എനിക്ക് ഇഷ്ടമില്ലാത്ത ആളുകള്‍ക്ക് വേണ്ടി കേസ് വാദിച്ചേക്കാം. മകള്‍ പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല, പ്രധാനമന്ത്രിക്കെതിരെ സംസാരിച്ചതില്‍ വിഷമമുണ്ട്. അടുത്ത തവണ അവളെ കാണുമ്പോള്‍ ഇക്കാര്യം സംസാരിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കും. എന്നാല്‍ ഇതിന്റെ പേരില്‍ പിതാവിനെ എന്തിന് വേട്ടയാടണം?' എന്ന് മുഖ്യമന്ത്രി ചോദിച്ചു.