വ്യാജ രേഖകൾ സൃഷ്ടിച്ച് നവജാത ശിശുവിന്റെ നിയമവിരുദ്ധ ദത്ത് ; ഡോക്ടർ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ
വ്യാജ രേഖകൾ സൃഷ്ടിച്ച് നിയമപരമായ ദത്തെടുക്കൽ നടപടിക്രമങ്ങൾ മറികടന്ന് കുട്ടികളില്ലാത്ത ദമ്പതികൾ ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ നിയമവിരുദ്ധമായി ദത്തെടുത്ത കേസിൽ ഉഡുപ്പി ജില്ലയിൽ ഡോക്ടർ ഉൾപ്പെടെ
മംഗളൂരു: വ്യാജ രേഖകൾ സൃഷ്ടിച്ച് നിയമപരമായ ദത്തെടുക്കൽ നടപടിക്രമങ്ങൾ മറികടന്ന് കുട്ടികളില്ലാത്ത ദമ്പതികൾ ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ നിയമവിരുദ്ധമായി ദത്തെടുത്ത കേസിൽ ഉഡുപ്പി ജില്ലയിൽ ഡോക്ടർ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പിയിലെ ബന്നഞ്ചെ നിവാസിയും കാമത് നഴ്സിംഗ് ഹോമിലെ ഡോക്ടറുമായ ഡോ. കെ. സുരേന്ദ്ര കാമത്ത് (76), ഉഡുപ്പിയിലെ മൂഡുതോൻസ് ഗ്രാമത്തിലെ നെജാരു സന്തേകട്ടെയിലെ രാജീവ് നഗറിൽ താമസിക്കുന്ന എസ്. പ്രകാശ് (50), കാർക്കളയിലെ ശ്രീനിവാസ സൂഡയുടെ മകൻ സമ്പത്ത് (22), കാർക്കളയിലെ നന്ദലൈകെയിലെ കെഡിഞ്ചെ പോസ്റ്റ് നിവാസിയായ പരേതനായ സുരേഷിന്റെ മകൾ സുപ്രിതി (22) എന്നിവരാണ് അറസ്റ്റിലായത്.
ദത്തെടുക്കൽ രേഖകളില്ലാതെ ദമ്പതികൾ കുഞ്ഞിനെ വളർത്തുന്നുണ്ടെന്ന് ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് കേസ് പുറത്തുവന്നതെന്ന് ഉഡുപ്പി പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ പറഞ്ഞു. ദമ്പതികളുടെ വസതിയിൽ നടത്തിയ പരിശോധനയിൽ സംശയം ഉയർന്നതിനെ തുടർന്ന് വിശദമായ അന്വേഷണം നടത്തി.
11 വർഷമായി വിവാഹിതരായ പ്രകാശും ഭാര്യയും കുട്ടികളില്ലാത്തതിനാൽ കാമത്ത് നഴ്സിംഗ് ഹോമിൽ ചികിത്സയിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ സമയത്താണ് കുഞ്ഞിന്റെ ലഭ്യതയെക്കുറിച്ച് അവർ അറിഞ്ഞതെന്നും കുട്ടിയെ. ദത്തെടുക്കാൻ ഡോക്ടറെ സമീപിച്ചതെന്നും പൊലീസ് പറഞ്ഞു. കുഞ്ഞിനെ കൈമാറാൻ ഡോ. കാമത്ത് സമ്മതിച്ചതായും കുട്ടി ദമ്പതികൾക്ക് ജൈവികമായി ജനിച്ചതാണെന്ന് കാണിക്കാൻ വ്യാജ രേഖകൾ സൃഷ്ടിക്കാൻ സഹായിച്ചതായും പൊലീസ് പറഞ്ഞു. ഈ വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ നഗരസഭയിൽ നിന്ന് ജനന സർട്ടിഫിക്കറ്റ് ലഭിച്ചു.