16കാരിയെ പീഡിപ്പിച്ചു , ഗർഭനിരോധന ഗുളിക കഴിക്കാൻ നിർബന്ധിച്ചു; രാജസ്ഥാനിൽ ഡോക്ടറും ഇ-മിത്ര ഉടമയും ഒളിവിൽ
അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ പതിനാറുകാരിയെ സർക്കാർ ഡോക്ടറും ഇ-മിത്ര കിയോസ്‌ക് ഉടമയും ക്രൂരമായി പീഡിപ്പിച്ചു . സംഭവത്തിൽ ഡോക്ടർക്കെതിരെയും കിയോസ്‌ക് ഉടമയ്ക്കെതിരെയും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ചികിത്സയ്ക്കെത്തിയപ്പോൾ പരിചയപ്പെട്ട പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്യുകയുമായിരുന്നു. പീഡന വിവരം ധരിപ്പിച്ച ഒരു ഇ-മിത്ര ഓപ്പറേറ്ററും പിന്നീട് തന്നെ പീഡിപ്പിക്കുകയും അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെൺകുട്ടി ആരോപിച്ചു.
ബന്ധുവിന്റെ പ്രസവത്തിനായി അജ്മീറിലെ സർക്കാർ ആശുപത്രിയിൽ എത്തിയപ്പോഴാണ് പെൺകുട്ടി ഡോക്ടറെ പരിചയപ്പെട്ടത്. തുടർന്ന് ഫോൺ നമ്പർ കൈമാറുകയും ചെയ്തു. പ്രസവം കഴിഞ്ഞ് സഹോദരന്റെ ഭാര്യ ഡിസ്ചാർജ് ആയെങ്കിലും ഡോക്ടർ ബന്ധം തുടർന്നു. പിന്നീട് പുറത്തു കൊണ്ടുപോകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പ്രലോഭിപ്പിക്കുകയായിരുന്നു.
ഫെബ്രുവരി 14ന് ഡോക്ടർ പെൺകുട്ടിയെ ഒരു ഫ്ലാറ്റിലേക്ക് കൊണ്ടുപോയി ശീതള പാനീയത്തിൽ ലഹരിമരുന്ന് കലർത്തി നൽകി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. പീഡന ദൃശ്യങ്ങൾ പകർത്തി പിന്നീട് ഇത് കാണിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തി. ഇതിനുശേഷം പീഡനം തുടര്‍ന്നുവെന്നും ഗർഭനിരോധന ഗുളികകൾ കഴിക്കാൻ നിർബന്ധിച്ചെന്നും പെൺകുട്ടി മൊഴി നൽകി.
പീഡനവിവരം പരാതിപ്പെടാൻ സഹായം തേടി ഏപ്രിൽ 11ന് സമീപത്തെ ഇ-മിത്ര കിയോസ്‌ക്കിലെത്തിയ പെൺകുട്ടിയെ അവിടുത്തെ ഉടമയും പീഡനത്തിനിരയാക്കി. പെൺകുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട് സഹോദരി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് ക്രൂരത പുറം ലോകം അറിഞ്ഞത്. നിലവിൽ പ്രതികൾ ഒളിവിലാണ്. ഡോക്ടറുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പൊലീസ് അന്വേഷണം ഊർജിതമാക്കി.