ചെയ്യാന്‍ കഴിയുന്നത് ചെയ്യൂ, ഭയപ്പെടുന്നവരോ പിന്മാറുന്നവരോ അല്ല തെരുവിലുള്ളത്: രാഹുല്‍ ഗാന്ധി

ഒക്ടോബര്‍ 12ന് കോണ്‍ഗ്രസും ഒന്നടങ്കം ഇന്‍ഡ്യ സഖ്യവും രാജ്യത്തെ വലിയ വിഭാഗം യുവജനങ്ങളും ഒരിക്കല്‍ കൂടി തെരുവിലിറങ്ങും

 

എത്രത്തോളം മോദിയും സര്‍ക്കാരും സമരത്തെ അടിച്ചമര്‍ത്തുന്നോ അതിലും കരുത്തരായി ജെന്‍സിയും വിദ്യാര്‍ത്ഥികളും സമരരംഗത്തുണ്ടാവുമെന്നും രാഹുല്‍ വ്യക്തമാക്കി.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തെ ക്രൂരമായ രീതിയില്‍ കൈകാര്യം ചെയ്യുന്ന ഡല്‍ഹി പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പറ്റാവുന്നത്ര പൊലീസിനെ ഇറക്കിയാലും ബിജെപിയില്‍ നിന്നും ആര്‍എസ്എസില്‍ വേണ്ടത്ര ഗുണ്ടകളെ വിളിച്ചാലും ഭയപ്പെടുന്നവരോ പിന്മാറുന്നവരോ അല്ല തെരുവിലുള്ളതെന്നും ഈ പോരാട്ടം അവസാനിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എത്രത്തോളം മോദിയും സര്‍ക്കാരും സമരത്തെ അടിച്ചമര്‍ത്തുന്നോ അതിലും കരുത്തരായി ജെന്‍സിയും വിദ്യാര്‍ത്ഥികളും സമരരംഗത്തുണ്ടാവുമെന്നും രാഹുല്‍ വ്യക്തമാക്കി.

അമിത് ഷായുടെ ഡല്‍ഹി പൊലീസ് തെരുവ് തെമ്മാടികളാവുകയും ആര്‍എസ്എസ്-ബിജെപി ഗുണ്ടകള്‍ സ്ത്രീകള്‍ക്കും യുവതയ്ക്കും നേരെ പരസ്യമായി ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്നു. ഒക്ടോബര്‍ 12ന് കോണ്‍ഗ്രസും ഒന്നടങ്കം ഇന്‍ഡ്യ സഖ്യവും രാജ്യത്തെ വലിയ വിഭാഗം യുവജനങ്ങളും ഒരിക്കല്‍ കൂടി തെരുവിലിറങ്ങും. മുന്‍പത്തേക്കാളും ഉച്ചത്തില്‍ ശബ്ദം ഉയരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.