'സിദ്ധരാമയ്യയല്ല, മുഖ്യമന്ത്രിയാവുക ഡി കെ ശിവകുമാര്‍'; അവകാശവാദവുമായി കോണ്‍ഗ്രസ് എംഎല്‍എ ഇഖ്ബാ ഹുസൈന്‍

ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുന്നതിനുള്ള തന്റെ താല്‍പര്യം പരസ്യമായി തന്നെ ഇഖ്ബാല്‍ ഹുസൈന്‍ പറയുകയായിരുന്നു

 

ശിവകുമാറിന് തന്നെ മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന് ഇഖ്ബാല്‍ ഹുസൈന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്

ഡി കെ ശിവകുമാര്‍ തന്നെ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ എച്ച് എ ഇഖ്ബാല്‍ ഹുസൈന്‍. സിദ്ധരാമയ്യയല്ല ഡി കെ ശിവകുമാറാണ് ജനുവരി ആറിന് കര്‍ണാടക മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുക എന്ന് ഇഖ്ബാല്‍ ഹുസൈന്‍ പറഞ്ഞു.

ശിവകുമാറിന് തന്നെ മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന് ഇഖ്ബാല്‍ ഹുസൈന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. 'മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന ദിവസം നിങ്ങള്‍ നോക്കിയിരുന്നോളൂ, ഡി കെ ശിവകുമാര്‍ തെരഞ്ഞെടുക്കപ്പെടാന്‍ 99 ശതമാനം സാധ്യതയുണ്ട്,' അദ്ദേഹം പറഞ്ഞു.

'ജനുവരി ആറ് എന്നത് ഉറപ്പുള്ള തീയതി അല്ല. ഞാന്‍ വെറുതെ ഒരു തീയതി പറഞ്ഞതാണ്. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് നടക്കുക അന്നാണ് എന്ന് എല്ലാവരും പറയുന്നു. ജനുവരി ആറിനോ ഒന്‍പതിനോ തെരഞ്ഞെടുപ്പ് നടക്കാം', ഇഖ്ബാല്‍ ഹുസൈന്‍ വ്യക്തമാക്കി. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുന്നതിനുള്ള തന്റെ താല്‍പര്യം പരസ്യമായി തന്നെ ഇഖ്ബാല്‍ ഹുസൈന്‍ പറയുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റാരും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.