വാരണാസിയിലെ ഗംഗാ നദിയിൽ ബോട്ടിൽ ബിയർ കുടിച്ച് ഡി.ജെ.പാർട്ടി ; ഒരാൾ അറസ്റ്റിൽ 

വാരണാസിയിലെ ഗംഗാ നദിയിൽ ബോട്ടിൽ ഒരുകൂട്ടം യുവാക്കൾ ബിയർ കുടിക്കുകയും ഉച്ചത്തിലുള്ള ഡിജെ സംഗീതത്തിനൊപ്പം നൃത്തം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഒരാളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.

 

 വാരണാസി : വാരണാസിയിലെ ഗംഗാ നദിയിൽ ബോട്ടിൽ ഒരുകൂട്ടം യുവാക്കൾ ബിയർ കുടിക്കുകയും ഉച്ചത്തിലുള്ള ഡിജെ സംഗീതത്തിനൊപ്പം നൃത്തം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഒരാളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതി വാരണാസിയിലെ നാഗ്വയിൽനിന്നുള്ള അർജുൻ രാജ്ഭറിനെയാണ് പിടിക്കൂടിയത്. സമാധാനം തകർക്കാൻ ഉദ്ദേശിച്ചുള്ള മനഃപൂർവ്വമായ അപമാനം, ക്രിമിനൽ പ്രവർത്തനം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

അർധനഗ്നനായി ബിയർ കുടിക്കുകയും മറ്റുള്ളവരോടൊപ്പം ഗംഗാനദിയിൽ പാർട്ടി നടത്തുകയും ചെയ്യുന്ന രാജ്ഭറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് ഇയാളെ പിടികൂടാൻ പൊലീസ് നിർബന്ധിതരാകുകയായിരുന്നു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശീതള ഘട്ടിൽനിന്ന് മഞ്ചി സമൂഹം നടത്തിയ യാത്രയിലാണ് ഈ സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗംഗാ നദിയുടെ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യമുയരുകയുണ്ടായി.

സംഭവത്തെ എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി, ഗംഗാ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ ചിക്കൻ ബിരിയാണി കഴിച്ചതിന് അറസ്റ്റിലായ മുസ്‍ലിം യുവാക്കളുമായി താരതമ്യപ്പെടുത്തി രംഗത്തുവരികയും ചെയ്തിരുന്നു.

‘ഈ മദ്യ ഉപഭോഗം അനുവദനീയമാണോ? അത് വികാരങ്ങളെ വ്രണപ്പെടുത്തുന്നില്ലേ?, അത് സാമൂഹിക ഐക്യത്തെ തകർക്കുന്നില്ലേ? അത് പൊതുജന ശല്യമുണ്ടാക്കുന്നില്ലേ? അത് ജലനിയമം ലംഘിക്കുന്നില്ലേ? ഭരണകക്ഷിയും പരാതി നൽകില്ലേ? 14 മുസ്‍ലിം ചെറുപ്പക്കാർ ഇപ്പോഴും ജയിലിലാണ്’ -ഉവൈസി എക്‌സിൽ കുറിച്ചു.

വാരാണസിയിൽ ഗംഗാ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ ചിക്കൻ ബിരിയാണി കഴിച്ച സംഭവത്തിൽ 14 പേരെ യു.പി പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ്‍ ചെയ്‍തിരുന്നു. യുവ മോർച്ച നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മതവികാരം വ്രണപ്പെടുത്തൽ, സ്‍പർധയുണ്ടാക്കൽ, ആരാധനാലയം അശുദ്ധമാക്കൽ, ജലം മലിനമാക്കൽ എന്നീ കുറ്റംചുമത്തിയാണ് കേസെടുത്തത്.