ദീപാവലി വിപണിയില്‍ 10,000 കോടി നഷ്ടസാധ്യത; നവംബര്‍ 1 റാലി മാറ്റാന്‍ രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹി വ്യാപാരികളുടെ കത്ത്
ദീപാവലി വിപണിയില്‍ 10,000 കോടി നഷ്ടസാധ്യത; നവംബര്‍ 1 റാലി മാറ്റാന്‍ രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹി വ്യാപാരികളുടെ കത്ത്
ഒക്ടോബര്‍ മാസത്തില്‍ റോഡ് ഉപരോധങ്ങള്‍, മാര്‍ച്ചുകള്‍, റാലികള്‍ എന്നിവ കാരണം കൊണാട്ട് പ്ലേസ്, ഇന്ത്യ ഗേറ്റ്, സെന്‍ട്രല്‍ ഡല്‍ഹി എന്നിവിടങ്ങളിലെ വ്യാപാരികള്‍ക്ക് ഇതിനകം 3,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി സംഘടന വ്യക്തമാക്കി.
ഈ വര്‍ഷം നവംബര്‍ 6-നാണ് ധന്‍തേരസ്. നവംബര്‍ 8-ന് ദീപാവലിയും 10-ന് ഭായ് ദൂജും ആഘോഷിക്കും
ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് നവംബര്‍ 1-ന് 'ഇന്ത്യ' സഖ്യം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന റാലി നവംബര്‍ 10-ന് ശേഷം നടത്തണമെന്ന് ആവശ്യപ്പെട്ട് ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി. ഉത്സവ സീസണിലെ ഏറ്റവും പ്രധാനപ്പെട്ട ആഴ്ചയില്‍ റാലി നടത്തിയാല്‍ 10,000 കോടി രൂപയുടെ വ്യാപാര നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയാണ് സി.ടി.ഐ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചത്.
ധന്‍തേരസിനും ദീപാവലിക്കും മുന്നോടിയായി രാംലീലാ മൈതാനത്തിന് ചുറ്റുമുള്ള മൊത്ത-ചില്ലറ വില്‍പ്പന വിപണികളില്‍ വന്‍ ജനത്തിരക്ക് പ്രതീക്ഷിക്കുന്ന സമയത്താണിത് എന്ന് സി.ടി.ഐ ചെയര്‍മാന്‍ ബ്രിജേഷ് ഗോയല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം നവംബര്‍ 6-നാണ് ധന്‍തേരസ്. നവംബര്‍ 8-ന് ദീപാവലിയും 10-ന് ഭായ് ദൂജും ആഘോഷിക്കും. സ്വര്‍ണം, വെള്ളി, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ്, മധുരപലഹാരങ്ങള്‍, ഓട്ടോമൊബൈല്‍ തുടങ്ങിയ വിവിധ മേഖലകളിലായി ഈ സമയത്ത് ഡല്‍ഹിയില്‍ മാത്രം ഏകദേശം 25,000 കോടി രൂപയുടെ ബിസിനസ്സ് നടക്കാറുണ്ട്. ഉത്സവങ്ങള്‍ക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ വിപണിയില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ റാലിയുടെ സമയം കച്ചവടക്കാരെ സാരമായി ബാധിക്കും.
ഒക്ടോബര്‍ മാസത്തില്‍ റോഡ് ഉപരോധങ്ങള്‍, മാര്‍ച്ചുകള്‍, റാലികള്‍ എന്നിവ കാരണം കൊണാട്ട് പ്ലേസ്, ഇന്ത്യ ഗേറ്റ്, സെന്‍ട്രല്‍ ഡല്‍ഹി എന്നിവിടങ്ങളിലെ വ്യാപാരികള്‍ക്ക് ഇതിനകം 3,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി സംഘടന വ്യക്തമാക്കി.
ചാന്ദ്നി ചൗക്ക്, സദര്‍ ബസാര്‍, ചാവ്രി ബസാര്‍, ഭഗീരഥ് പാലസ്, ഖാരി ബോളി, കശ്മീരി ഗേറ്റ്, കരോള്‍ ബാഗ് തുടങ്ങി രാംലീലാ മൈതാനത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇരുപതോളം പ്രധാന വിപണികളുടെ പ്രവര്‍ത്തനത്തെ ഗതാഗത നിയന്ത്രണങ്ങളും ബാരിക്കേഡുകളും ബാധിക്കും. കൂടാതെ പഴയ ഡല്‍ഹി, ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനുകള്‍ വഴി എത്തുന്ന വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും കത്തില്‍ പറയുന്നു.