വാട്സ്ആപ്പ് ചാറ്റുകളിലെ ക്രൂരത അടിസ്ഥാനമാക്കിയല്ല വിവാഹമോചനം നൽകേണ്ടത്, ഭാര്യയ്ക്ക് പറയാനുള്ള അവസരം നൽകണം : ബോംബെ ഹൈക്കോടതി

വാട്സ്ആപ്പ് ചാറ്റുകളെ അടിസ്ഥാനമാക്കിയുള്ള വിവാഹമോചനം അനുവദിക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി.വാട്സ്ആപ്പ് ചാറ്റുകളിലെ ക്രൂരത അടിസ്ഥാനമാക്കിയല്ല വിവാഹമോചനം നൽകേണ്ടതെന്നും ഭാര്യയ്ക്ക് പറയാനുള്ള അവസരം നൽകണമെന്നും കോടതി വ്യക്തമാക്കി.
 

 മുംബൈ: വാട്സ്ആപ്പ് ചാറ്റുകളെ അടിസ്ഥാനമാക്കിയുള്ള വിവാഹമോചനം അനുവദിക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി.വാട്സ്ആപ്പ് ചാറ്റുകളിലെ ക്രൂരത അടിസ്ഥാനമാക്കിയല്ല വിവാഹമോചനം നൽകേണ്ടതെന്നും ഭാര്യയ്ക്ക് പറയാനുള്ള അവസരം നൽകണമെന്നും കോടതി വ്യക്തമാക്കി. നാസിക്ക് സ്വദേശിയായ ഭർത്താവിന്റെ ഹരജി തള്ളികൊണ്ടാണ് കോടതി നിരീക്ഷണം. ഭാര്യയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് സമർപ്പിച്ച അപേക്ഷ അനുവദിച്ചുകൊണ്ട് നാസിക് ജില്ലാ കുടുംബ കോടതി പുറപ്പെടുവിച്ച ഉത്തരവ് ജസ്റ്റിസുമാരായ ഭാരതി ഡാങ്രെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി.

കുടുംബ കോടതി ഉത്തരവ് ഏകപക്ഷീയമായി പാസാക്കിയതാണെന്നും തന്റെ വാദങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകാതെയാണ് വിധി പുറപ്പെടുവിച്ചതെന്നും ചൂണ്ടിക്കാട്ടി സ്ത്രീ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു ഭാര്യ വാട്സ്ആപ്പ് ചാറ്റിൽ സമ്മർദ്ദം, ബ്ലാക്ക്മെയിൽ, അശ്ലീല ഭാഷ എന്നിവ ഉപയോഗിച്ചതായും ഭർത്താവിനെതിരെ ക്രൂരത കാണിച്ചതായും അതിനാൽ വിവാഹമോചനത്തിന് അർഹതയുണ്ടെന്നും കുടുംബ കോടതി നിരീക്ഷിച്ചു. എന്നാൽ ഭർത്താവ് സമർപ്പിച്ച തെളിവുകൾ (വാട്ട്സ്ആപ്പ് ചാറ്റുകൾ) തള്ളാൻ ഭാര്യക്ക് അവസരം നൽകുന്നതിൽ കുടുംബ കോടതി പരാജയപ്പെട്ടുവെന്ന് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.