വാലന്റൈന്‍സ് ഡേ സ്റ്റാറ്റസില്‍ തുടങ്ങിയ തര്‍ക്കം; 22 കാരിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവും കാമുകിയും പിടിയിലായി

റുഖ്സറിന്റെ ഫോണിലുണ്ടായിരുന്ന സാഹിദിന്റെ ചിത്രം ഭാര്യ സബില്ല വാലന്റൈന്‍സ് ഡേ സ്റ്റാറ്റസായി കണ്ടതോടെയാണ് ഭര്‍ത്താവിന്റെ ബന്ധം സംബന്ധിച്ച് സംശയം ഉയര്‍ന്നത്.

 

സാഹിദും സബില്ലയും പ്രണയിച്ച് വിവാഹിതരായവരാണെന്നും വിവാഹത്തിന് പിന്നാലെ ഒരു വര്‍ഷം മുമ്പ് ഡല്‍ഹിയിലേക്ക് താമസം മാറിയതായും പൊലീസ് പറഞ്ഞു.

ഡല്‍ഹിയില്‍ 22കാരിയായ സബില്ല ഖാത്തൂണിനെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെയും ഇയാളുടെ കാമുകിയെന്ന് ആരോപിക്കപ്പെടുന്ന യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ എം.ഡി. ലാല്‍ ബാബു എന്ന സാഹിദ് അലി (22), റുഖ്സര്‍ ഖാത്തൂണ്‍ (22) എന്നിവരാണ് അറസ്റ്റിലായത്.
സാഹിദും സബില്ലയും പ്രണയിച്ച് വിവാഹിതരായവരാണെന്നും വിവാഹത്തിന് പിന്നാലെ ഒരു വര്‍ഷം മുമ്പ് ഡല്‍ഹിയിലേക്ക് താമസം മാറിയതായും പൊലീസ് പറഞ്ഞു. ബിഹാറിലെ ഒരേ ജില്ലയില്‍ നിന്നുള്ളവരായതിനാല്‍ സാഹിദിനും റുഖ്സറിനും നേരത്തെ പരിചയമുണ്ടായിരുന്നു. റുഖ്സര്‍ പിന്നീട് ഡല്‍ഹിയിലെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
റുഖ്സറിന്റെ ഫോണിലുണ്ടായിരുന്ന സാഹിദിന്റെ ചിത്രം ഭാര്യ സബില്ല വാലന്റൈന്‍സ് ഡേ സ്റ്റാറ്റസായി കണ്ടതോടെയാണ് ഭര്‍ത്താവിന്റെ ബന്ധം സംബന്ധിച്ച് സംശയം ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് ദമ്പതികള്‍ക്കിടയില്‍ നിരന്തരം വഴക്കും തര്‍ക്കവും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് 29ന് സബില്ല ഒരു വയസ്സുള്ള മകനുമായി വീട്ടില്‍ നിന്ന് പുറത്തുപോയി. ഈ സമയത്ത് സാഹിദ് റുഖ്സറിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പൊലീസ് ആരോപണം. സബില്ല തിരിച്ചെത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് അവളെ ബാത്ത്റൂമിലേക്ക് കൊണ്ടുപോയി ആക്രമിച്ചെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ആക്രമണത്തിനിടെ തല ഇടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് രക്തസ്രാവമുണ്ടാവുകയും തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം സാഹിദ് സബില്ലയെ കാണാനില്ലെന്ന് പറഞ്ഞ് ഡല്‍ഹിയില്‍ താമസിക്കുന്ന അവളുടെ സഹോദരനെ ഫോണില്‍ ബന്ധപ്പെട്ടു. വീട്ടിലെത്തിയ സഹോദരന്‍ സബില്ലയെ ബാത്ത്റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.

കൊലപാതകത്തിന് പിന്നാലെ സാഹിദ് മകനുമായി ഡല്‍ഹിയില്‍ നിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. നോയിഡയിലെ ബന്ധുവായ എം.ഡി. ഒസാമയുടെ വീട്ടില്‍ ഇയാള്‍ അഭയം തേടിയെന്നും തുടര്‍ന്ന് ബിഹാറിലേക്ക് കടക്കാന്‍ ഒസാമ സഹായിച്ചെന്നുമാണ് ആരോപണം. ഒസാമയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
തുടര്‍ന്ന് സാഹിദ് മുംബൈയിലെത്തിയെന്നും റുഖ്സര്‍ ഡല്‍ഹിയില്‍ തന്നെ തുടരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാഹിദ് തന്റെ മൊബൈല്‍ ഫോണ്‍ ബിഹാറിലെ ഒരു ഓട്ടോറിക്ഷയില്‍ ഉപേക്ഷിക്കുകയും പിന്നീട് ഇന്റര്‍നെറ്റ് കോളുകള്‍ മാത്രം ഉപയോഗിക്കുകയും ചെയ്തതായും പൊലീസ് ആരോപിച്ചു.
ഡല്‍ഹി, ഗാസിയാബാദ്, നോയിഡ, പട്ന, സീതാമര്‍ഹി, മുസാഫര്‍പൂര്‍, മുംബൈ എന്നിവിടങ്ങളിലായി 300ലേറെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണസംഘം പ്രതികളിലേക്ക് എത്തിയത്.