വിവാഹത്തിന് വിസമ്മതിച്ചതിന്റെ പേരില്‍ തര്‍ക്കം ; മോട്ടോര്‍ സൈക്കിളില്‍ തൂങ്ങിക്കിടന്ന കാമുകിയെ ബൈക്കില്‍ വലിച്ചിഴച്ച് യുവാവ്
നിയന്ത്രണം വിട്ട മോട്ടോര്‍ സൈക്കിള്‍ മറിഞ്ഞ് രണ്ടുപേരും റോഡിലേക്ക് വീഴുകയായിരുന്നു.
യുവാവ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോകാന്‍ ശ്രമിച്ചപ്പോള്‍ യുവതി ബൈക്കില്‍ പിടിച്ച് തടയാന്‍ ശ്രമിച്ചു.
വിവാഹത്തേക്കുറിച്ചുള്ള തര്‍ക്കത്തിന് പിന്നാലെ കാമുകിയെ ബൈക്കില്‍ വലിച്ചിഴച്ച് യുവാവ്. ബീഹാറിലെ നളന്ദയിലാണ് സംഭവം. മോട്ടോര്‍ സൈക്കിളില്‍ തൂങ്ങിക്കിടന്ന യുവതിയുമായി നിയന്ത്രണം നഷ്ടമായ റോഡരികില്‍ ബൈക്ക് ഇടിച്ച് മറിഞ്ഞതോടെ യുവാവിനെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നതും പോലീസ് അന്വേഷണം ആരംഭിച്ചതും.നവാദ ജില്ലക്കാരനായ കാമുകനെ കാണാനായാണ് യുവതി രാജ്ഗീറിലേക്ക് എത്തിയത്. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നുവെന്നും രാജ്ഗീറില്‍ വെച്ച് പതിവായി കണ്ടുമുട്ടാറുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. കൂടിക്കാഴ്ചയ്ക്കിടെ യുവതി വീണ്ടും വിവാഹകാര്യം ഉന്നയിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. നവാദ ജില്ലയിലെ നര്‍ദിഗഞ്ച് ബ്ലോക്കില്‍ സര്‍വേ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന യുവാവ് വിവാഹത്തിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് അവിടെനിന്ന് സ്ഥലംവിടാന്‍ യുവാവ് തീരുമാനിക്കുകയായിരുന്നു.
യുവാവ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോകാന്‍ ശ്രമിച്ചപ്പോള്‍ യുവതി ബൈക്കില്‍ പിടിച്ച് തടയാന്‍ ശ്രമിച്ചു. എന്നാല്‍ വാഹനം നിര്‍ത്താന്‍ തയ്യാറാകാതിരുന്ന ഇയാള്‍ യുവതിയെ റോഡിലൂടെ നൂറുമീറ്ററോളം വലിച്ചിഴച്ചുകൊണ്ട് ബൈക്ക് മുന്നോട്ട് ഓടിച്ചുപോവുകയായിരുന്നു. ഈ സമയം വഴിപോക്കരായ ആളുകള്‍ ബൈക്കിന് പിന്നാലെ ഓടുകയും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. തുടര്‍ന്ന് നിയന്ത്രണം വിട്ട മോട്ടോര്‍ സൈക്കിള്‍ മറിഞ്ഞ് രണ്ടുപേരും റോഡിലേക്ക് വീഴുകയായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിയെത്തി യുവതിയെ രക്ഷപ്പെടുത്തുകയും ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്ന ചിലര്‍ യുവാവിനെ ചോദ്യം ചെയ്തെങ്കിലും മറ്റുള്ളവര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ യുവതി തന്റെ ഭാര്യയാണെന്നും ഇത് തങ്ങളുടെ കുടുംബകാര്യമാണെന്നുമാണ് യുവാവ് അവകാശപ്പെട്ടത്. നാലോ അഞ്ചോ ദിവസം മുമ്പാണ് ഈ സംഭവം നടന്നതെന്നും പ്രണയിതാക്കള്‍ തമ്മിലുള്ള വിവാഹതര്‍ക്കമാണ് ഇതിന് പിന്നിലെന്നും രാജ്ഗീര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അഭിജീത് കുമാര്‍ അറിയിച്ചു. പ്രതിയ്‌ക്കെതിരെ നടപടി സ്വീകരിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി