ജന്മ ദിനാഘോഷത്തിനിടെ മുഖത്ത് കേക്ക് തേച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം ; മൂന്നു യുവാക്കള്‍ വെടിയേറ്റു മരിച്ചു

അമര്‍ദീപ് സൈനി, മനീഷ് സൈനി, ആകാശ് സൈനി എന്നിവരാണ് വെടിയേറ്റു മരിച്ചത്. 

 

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.

ജന്മദിനാഘോഷത്തിനിടെ ഉണ്ടായ വാക്കേറ്റം അവസാനിച്ചത് മൂന്ന് പേരുടെ കൊലപാതകത്തില്‍. മുഖത്ത് കേക്ക് തേച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മൂന്ന് യുവാക്കളുടെ കൊലപാതകത്തിലേക്ക് നയിച്ചത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. അമര്‍ദീപ് സൈനി, മനീഷ് സൈനി, ആകാശ് സൈനി എന്നിവരാണ് വെടിയേറ്റു മരിച്ചത്. 

ജീതു സൈനി എന്ന യുവാവിന്റെ ജന്മദിന ആഘോഷമാണ് ജിമ്മിലും വീട്ടിലുമായി നടന്നത്. യുവാക്കള്‍ ജീതുവിന്റെ മുഖത്ത് കേക്ക് തേച്ചതിനെ തുടര്‍ന്ന് വലിയ രീതിയിലുള്ള തര്‍ക്കം ഉടലെടുത്തു. തുടര്‍ന്ന് ജീതു സൈനിയും കൂടെയുള്ളവരില്‍ കുറച്ചു പേരും സ്ഥലത്തുനിന്ന് പോയെങ്കിലും ആയുധങ്ങളുമായി തിരിച്ചെത്തുകയായിരുന്നുവെന്ന് കൊല്ലപ്പെട്ടവരില്‍ ഒരാളുടെ സഹോദരന്‍ സഞ്ജയ് പറഞ്ഞു.ഏഴോ എട്ടോ ലൈസന്‍സുള്ള തോക്കുകളുമായാണ് ജീതുവും സംഘവും തിരിച്ചെത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ എത്തിയ ഉടന്‍ തന്നെ ഇവര്‍ വെടിയുതിര്‍ത്തെന്നും സഞ്ജയ് പറഞ്ഞു. ഒത്തുതീര്‍പ്പിനായി താന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ അതിന് തയ്യാറായില്ലെന്ന് സഞ്ജയ് പറയുന്നു.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ ഖുര്‍ജ നഗര്‍ പൊലീസ് സ്ഥലത്തെത്തിയതായി എസ്പി (റൂറല്‍) അന്തരീക്ഷ് ജയിന്‍ അറിയിച്ചു. വെടിയേറ്റ മൂന്ന് യുവാക്കളെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. കേസിലെ പ്രതികളെ പിടികൂടാനായി ആറ് പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് എസ്പി അറിയിച്ചു.