വാർത്താമാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ അതിന്റെ വരുമാനം മാധ്യമസ്ഥാപനങ്ങളുമായി പങ്കുവെക്കണം ; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
വാർത്താമാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ അതിന്റെ വരുമാനം മാധ്യമസ്ഥാപനങ്ങളുമായി പങ്കുവെക്കണമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച കോൺക്ലേവ് ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. പ്ലാറ്റ്‌ഫോമുകൾ സ്വമേധയാ വരുമാനം പങ്കുവെക്കാൻ തയ്യാറായില്ലെങ്കിൽ, മറ്റു രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും ഇതിനായി നിയമനിർമ്മാണം നടത്തേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകൾ അവയിലെ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. അനുമതിയില്ലാതെ ആരുടെയും മുഖമോ ശബ്ദമോ ഉപയോഗിച്ച് സിന്തറ്റിക് കണ്ടന്റുകൾ സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അത്തരം ഉള്ളടക്കങ്ങൾക്ക് വ്യക്തികളുടെ മുൻകൂർ അനുമതി നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രമുഖ മാധ്യമങ്ങൾ മുതൽ സ്വതന്ത്ര സ്രഷ്ടാക്കൾ വരെയുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നതാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.