മധ്യപ്രദേശിൽ വയോധിക ദമ്പതികളെ 97 ദിവസം 'ഡിജിറ്റൽ അറസ്റ്റിൽ' പാർപ്പിച്ച് 22 ലക്ഷം രൂപ തട്ടിയെടുത്തു
ഭോപ്പാൽ : മധ്യപ്രദേശിൽ വയോധിക ദമ്പതികളെ സൈബർ തട്ടിപ്പുകാർ നീണ്ട 97 ദിവസങ്ങൾ 'ഡിജിറ്റൽ അറസ്റ്റിൽ' പാർപ്പിച്ച് 22 ലക്ഷം രൂപ തട്ടിയെടുത്തു. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിലൊന്നാണിത്.
സിബിഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന ബന്ധപ്പെട്ട തട്ടിപ്പുകാർ, ദമ്പതികളുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വീഡിയോ കോളുകൾ വഴി ദമ്പതികളെ തുടർച്ചയായി നിരീക്ഷണത്തിൽ നിർത്തുകയും, പുറത്തുപോവുകയോ ആരോടെങ്കിലും സംസാരിക്കുകയോ ചെയ്താൽ അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെടുത്തുകയും ചെയ്തു.
ഈ മാനസിക സമ്മർദ്ദത്തിന് ഒടുവിലാണ് കേസിൽ നിന്ന് ഒഴിവാകാനായി ദമ്പതികൾ വിവിധ ഘട്ടങ്ങളിലായി 22 ലക്ഷം രൂപ തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയത്. ഒടുവിൽ സംഭവിച്ചതിന്റെ ചതി മനസ്സിലാക്കിയ ദമ്പതികൾ പരാതിയുമായി സൈബർ പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തട്ടിപ്പുകാരുടെ ഭീഷണി കാരണം മാസങ്ങളോളം ആരുമായും ബന്ധപ്പെടാതിരുന്ന ദമ്പതികൾ, ഒടുവിൽ മാനസിക സമ്മർദ്ദം താങ്ങാനാവാതെ തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വിദേശത്തുള്ള മക്കളോട് തുറന്നുപറയുകയായിരുന്നു. ആദ്യഘട്ടത്തിൽ മക്കൾക്കും തട്ടിപ്പ് തിരിച്ചറിയാൻ സാധിക്കാതിരിക്കുകയും അവർ അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും നിർദേശിക്കുകയായിരുന്നു. പിന്നീട് മകളുടെ സുഹൃത്തായ അഭിഭാഷകന് തട്ടിപ്പുകാർ നൽകിയ കോടതി ഉത്തരവ് പങ്കുവെച്ചപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്. തുടർന്ന് ദമ്പതികൾ പൊലീസിനെ സമീപിച്ചു.
തട്ടിപ്പുകാർ ഔദ്യോഗിക ലോഗോകളും വ്യാജ തിരിച്ചറിയൽ രേഖകളും കാണിച്ച് തികച്ചും വിശ്വസനീയമായ രീതിയിലാണ് സംസാരിച്ചതെന്ന് ദമ്പതികൾ പൊലീസിനോട് പറഞ്ഞു. നിരന്തരമായ ഭീഷണിയെത്തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായ ഇവർ, മാസങ്ങളോളം സ്വന്തം വീടിനുള്ളിൽ തന്നെ ഭയത്തോടെ കഴിയേണ്ടി വന്നു. പണം നഷ്ടപ്പെട്ടതിനേക്കാൾ 97 ദിവസത്തോളം നീണ്ടുനിന്ന ഈ മാനസിക തടവറ തങ്ങളെ കടുത്ത ആഘാതത്തിലാക്കിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
പൊലീസോ സിബിഐയോ മറ്റ് അന്വേഷണ ഏജൻസികളോ ഫോൺ കോളുകളിലൂടെയോ വീഡിയോ കോളുകളിലൂടെയോ ആരെയും ഇത്തരത്തിൽ അറസ്റ്റ് ചെയ്യാറില്ലെന്ന് സൈബർ പോലീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഡിജിറ്റൽ അറസ്റ്റ് എന്നൊരു നിയമപരമായ സംവിധാനം രാജ്യത്ത് നിലവിലില്ലെന്നും, അപരിചിതരിൽ നിന്നുള്ള ഇത്തരം കോളുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ദേശീയ സൈബർ ക്രൈം പോർട്ടലിലോ (1930) അടുത്തുള്ള പോലീസ് സ്റ്റേഷനിലോ പരാതിപ്പെടണമെന്നും അധികൃതർ പൊതുജനങ്ങളെ ഓർമിപ്പിച്ചു.