ഇന്ത്യ സഖ്യ മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി തള്ളിമാറ്റിയോ? വിശദീകരണവുമായി ഡി കെ ശിവകുമാര്‍

തൊട്ടുപിന്നാലെ വന്ന വാഹനത്തില്‍ കയറാന്‍ രാഹുല്‍ തന്നോട് നിര്‍ദേശിക്കുകയായിരുന്നുവെന്നും തിരക്ക് കാരണം തന്നോട് കരുതല്‍ കാണിക്കുകയാണ് ചെയ്തതെന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി.

 

ബിജെപി വ്യാജ പ്രചാരണം നടത്തുകയാണെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു.

ഇന്ത്യ സഖ്യ മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി തന്നെ തള്ളിമാറ്റിയിട്ടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. തൊട്ടുപിന്നാലെ വന്ന വാഹനത്തില്‍ കയറാന്‍ രാഹുല്‍ തന്നോട് നിര്‍ദേശിക്കുകയായിരുന്നുവെന്നും തിരക്ക് കാരണം തന്നോട് കരുതല്‍ കാണിക്കുകയാണ് ചെയ്തതെന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ചിനിടെ ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ബിജെപി ആയുധമാക്കുന്നതിനിടെയാണ് ഡി കെ ശിവകുമാറിന്റെ പ്രതികരണം. ബിജെപി വ്യാജ പ്രചാരണം നടത്തുകയാണെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു.

'ദില്ലിയില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ രാഹുല്‍ ഗാന്ധി എന്നെ തള്ളിമാറ്റിയിട്ടില്ല. വലിയ ജനക്കൂട്ടം ആയിരുന്നതുകൊണ്ട്, തൊട്ടുപിന്നാലെ വരുന്ന വാഹനത്തില്‍ കയറാന്‍ നിര്‍ദേശിച്ചുകൊണ്ട് അദ്ദേഹം എന്നോട് കരുതല്‍ കാണിക്കുകയാണ് ചെയ്തത്'- ഡി കെ ശിവകുമാറിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധത്തിനിടയില്‍ ആരും എന്നെ തള്ളിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ഡി കെ ശിവകുമാര്‍, ബിജെപിക്ക് തന്നോട് അളവറ്റ സ്‌നേഹം ഉണ്ടെന്നും അതുകൊണ്ടാണ് വ്യാജപ്രചാരണം നടത്തുന്നതെന്നും പരിഹസിച്ചു.

അതേസമയം രാഹുല്‍ ഗാന്ധി ഡി കെ ശിവകുമാറിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കര്‍ണാടകത്തിലെ ബിജെപി നേതാക്കള്‍ സംഭവം രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ ആയുധമാക്കുകയാണ്. രാഹുല്‍ ഗാന്ധിയോടും കോണ്‍ഗ്രസിനോടും കന്നഡികര്‍ പൊറുക്കില്ലെന്ന് ബിജെപി നേതൃത്വം പറഞ്ഞു. ബിജെപി കര്‍ണാടക ഘടകം എക്‌സില്‍ കുറിച്ചതിങ്ങനെ: 'ശിവകുമാറിനെ രാഹുല്‍ ഗാന്ധിയുടെ അടുത്തേക്ക് പോകുന്നതില്‍ നിന്ന് തടയുകയും ഇത്രയും ക്രൂരമായ രീതിയില്‍ അദ്ദേഹത്തെ തള്ളിമാറ്റുകയും ചെയ്തത് കോണ്‍ഗ്രസ് പാര്‍ട്ടി കര്‍ണാടക സംസ്ഥാനത്തെയാകെ കടുത്ത രീതിയില്‍ അപമാനിച്ചതിന് തുല്യമാണ്. കന്നഡികര്‍ ഒരിക്കലും രാഹുല്‍ ഗാന്ധിയോടും കോണ്‍ഗ്രസ് പാര്‍ട്ടിയോടും ക്ഷമിക്കില്ല'.

രാഹുല്‍ ഗാന്ധി ഡി കെ ശിവകുമാറിന്റെ വസ്ത്രത്തില്‍ പിടിച്ചുവലിച്ചുവെന്നും കോണ്‍ഗ്രസ് രാജവംശത്തിന്റെ അധികാരഗര്‍വ്വ് അവസാനിച്ചിട്ടില്ലെന്നും ബിജെപി നേതാവും ബെംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യ ആരോപിച്ചു. ഒരു വിമാനത്താവളത്തില്‍ വെച്ച് വീരേന്ദ്ര പാട്ടീലിനെ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുന്നതായി രാജീവ് ഗാന്ധി പെട്ടെന്ന് പ്രഖ്യാപിച്ചതു മുതല്‍ നടുറോഡില്‍ വെച്ച് ഡി കെ ശിവകുമാറിന്റെ കുര്‍ത്തയില്‍ പിടിച്ച് രാഹുല്‍ ഗാന്ധി വലിച്ചതുവരെ, കോണ്‍ഗ്രസ് രാജവംശത്തിന്റെ അധികാരഗര്‍വ്വ് ഒട്ടും മാറാതെ തുടരുകയാണെന്ന് തേജസ്വി സൂര്യ എക്‌സില്‍ പോസ്റ്റ് ചെയ്തു.