ധർമസ്ഥല കേസ്: മുൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് എസ്.ഐ.ടി സമൻസ്; ചോദ്യം ചെയ്യൽ ഒക്ടോബർ 30-ന്

ധർമസ്ഥല കേസിൽ ഒക്ടോബർ 30-ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) 15-ലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ചു. കേസിന്റെ വിവിധ ഘട്ടങ്ങളിൽ അന്വേഷണ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥർക്കാണ് സി.ആർ.പി.സി. 160-ാം വകുപ്പ് പ്രകാരം നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ 14 വർഷമായി കേസിൽ അന്വേഷണം നടന്നിട്ടും പ്രതികൾക്ക് ശിക്ഷ ലഭിക്കാത്ത സാഹചര്യത്തിലാണ് എസ്.ഐ.ടിയുടെ ഈ നടപടി.

 

ബെംഗളൂരു: ധർമസ്ഥല കേസിൽ ഒക്ടോബർ 30-ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) 15-ലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ചു. കേസിന്റെ വിവിധ ഘട്ടങ്ങളിൽ അന്വേഷണ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥർക്കാണ് സി.ആർ.പി.സി. 160-ാം വകുപ്പ് പ്രകാരം നോട്ടീസ് നൽകിയിരിക്കുന്നത്. കഴിഞ്ഞ 14 വർഷമായി കേസിൽ അന്വേഷണം നടന്നിട്ടും പ്രതികൾക്ക് ശിക്ഷ ലഭിക്കാത്ത സാഹചര്യത്തിലാണ് എസ്.ഐ.ടിയുടെ ഈ നടപടി.

വിവിധ ഏജൻസികൾ കേസ് കൈകാര്യം ചെയ്ത രീതിയും അവർ ശേഖരിച്ച തെളിവുകളും എസ്.ഐ.ടി വിശദമായി പരിശോധിക്കും. സെപ്റ്റംബർ 21-നാണ് പുതിയ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടത്. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കർണാടക സർക്കാരിനോട് കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ കുസുമവതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മുൻപ് നടന്ന സി.ബി.ഐ. അന്വേഷണത്തിൽ കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഐ.ജി.പി. എൻ. ശശികുമാറിന്റെ മേൽനോട്ടത്തിൽ മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. സുധീർ കുമാർ റെഡ്ഡി അടക്കമുള്ളവരാണ് എസ്.ഐ.ടി സംഘത്തിലുള്ളത്. സ്വതന്ത്രമായ അന്വേഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മുൻപ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ ഈ സംഘത്തിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. 2012 ഒക്ടോബർ 9-നാണ് ഉജിരെ എസ്.ഡി.എം. കോളേജ് വിദ്യാർഥിനിയായ 17 കാരിയെ കാണാതാകുന്നത്. തുടർന്ന് പിറ്റേദിവസം നേത്രാവതി നദിക്കരയിലെ വനപ്രദേശത്തുനിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.