ആശ്വാസ വാർത്തയുമായി ഡിജിസിഎ ; വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ ഇനി ഫീസ് ഈടാക്കില്ല
വിമാന യാത്രക്കാർക്ക് ആശ്വാസം വാർത്തയുമായി ഡിജിസിഎ. ടിക്കറ്റ് റദ്ദാക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഡിജിസിഎ പുറപ്പെടുവിച്ചു. ഫെബ്രുവരി 24-ന് പുറത്തിറക്കിയ ഈ ഉത്തരവ് പ്രകാരം, ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ മാറ്റങ്ങൾ വരുത്തുകയോ റദ്ദാക്കുകയോ ചെയ്താൽ എയർലൈനുകൾക്ക് അധിക ചാർജ് ഈടാക്കാൻ കഴിയില്ല.

മാർച്ച് 26 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. എന്നാൽ, എയർലൈനുകളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. കൂടാതെ, ആഭ്യന്തര യാത്രയ്ക്ക് ഏഴ് ദിവസം മുൻപും രാജ്യാന്തര യാത്രയ്ക്ക് 15 ദിവസം മുൻപും എടുക്കുന്ന ടിക്കറ്റുകൾക്ക് ഈ 48 മണിക്കൂർ ഇളവ് ബാധകമായിരിക്കില്ല.
ടിക്കറ്റ് എടുക്കുമ്പോൾ പേരിലുണ്ടാകുന്ന അക്ഷരത്തെറ്റുകൾ തിരുത്തുന്നതിനും ഇനി പണം നൽകേണ്ടതില്ല. 24 മണിക്കൂറിനുള്ളിൽ ഇത്തരം തെറ്റുകൾ ശ്രദ്ധയിൽപ്പെടുത്തിയാൽ സൗജന്യമായി തിരുത്തി നൽകാൻ വിമാനക്കമ്പനികൾ ബാധ്യസ്ഥരാണ്. റീഫണ്ട് നൽകുന്ന കാര്യത്തിലും നിയമങ്ങൾ കർശനമാക്കിയിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് വഴി ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് ഏഴ് ദിവസത്തിനുള്ളിലും, പണമായി നൽകിയവയ്ക്ക് ഉടൻ തന്നെയും റീഫണ്ട് നൽകണം. ട്രാവൽ ഏജന്റുമാർ വഴിയാണ് ബുക്ക് ചെയ്തതെങ്കിൽ പോലും 14 ദിവസത്തിനുള്ളിൽ പണം തിരികെ നൽകേണ്ട ഉത്തരവാദിത്തം എയർലൈനുകൾക്കാണെന്ന് ഡിജിസിഎ വ്യക്തമാക്കി.
ആരോഗ്യപരമായ കാരണങ്ങളാൽ യാത്ര മുടങ്ങുന്നവർക്കും പുതിയ നിയമം തുണയാകും. യാത്രക്കാരനോ കൂടെയുള്ളവർക്കോ അസുഖം ബാധിച്ചാൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കി ടിക്കറ്റ് തുക പൂർണ്ണമായും റീഫണ്ട് വാങ്ങുകയോ അല്ലെങ്കിൽ പണം പിന്നീട് ഉപയോഗിക്കാവുന്ന വിധം ക്രെഡിറ്റ് ഷെല്ലിലേക്ക് മാറ്റുകയോ ചെയ്യാം. വിമാനക്കമ്പനികൾ റീഫണ്ട് വൈകിപ്പിക്കുന്നുവെന്നും അനാവശ്യമായ തുക ഈടാക്കുന്നുവെന്നുമുള്ള യാത്രക്കാരുടെ പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളുമായി ഡിജിസിഎ രംഗത്തെത്തിയത്.