വിജയ്യുടെ അമ്മയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശം; ബിജെപി അധ്യക്ഷനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം
വീട്ടില്‍ അച്ഛനെ തിരഞ്ഞിട്ട് കാണാത്തവര്‍, അച്ഛന്‍ ആരാണെന്ന് അറിയാന്‍ വീട്ടിലെ അമ്മയോട് തന്നെ ചോദിക്കണം എന്നായിരുന്നു നൈനാര്‍ നാഗേന്ദ്രന്റെ അധിക്ഷേപ പരാമര്‍ശം.
നിയമസഭയില്‍ എം കെ സ്റ്റാലിനെക്കുറിച്ച് വിജയ് നടത്തിയ 'അപ്പ' പരാമര്‍ശത്തിനുള്ള മറുപടിയിലാണ് വിജയ്യുടെ അമ്മയെ വലിച്ചിഴച്ച് നൈനാര്‍ വ്യക്തിഅധിക്ഷേപം നടത്തിയത്.
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ അമ്മയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ തമിഴ്നാട്ടിലെ ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനെതിരെ വ്യാപക പ്രതിഷേധം. നിയമസഭയില്‍ എം കെ സ്റ്റാലിനെക്കുറിച്ച് വിജയ് നടത്തിയ 'അപ്പ' പരാമര്‍ശത്തിനുള്ള മറുപടിയിലാണ് വിജയ്യുടെ അമ്മയെ വലിച്ചിഴച്ച് നൈനാര്‍ വ്യക്തിഅധിക്ഷേപം നടത്തിയത്.
ബിജെപി സംസ്ഥാന ആസ്ഥാനമായ കമലാലയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു ഇത്. വീട്ടില്‍ അച്ഛനെ തിരഞ്ഞിട്ട് കാണാത്തവര്‍, അച്ഛന്‍ ആരാണെന്ന് അറിയാന്‍ വീട്ടിലെ അമ്മയോട് തന്നെ ചോദിക്കണം എന്നായിരുന്നു നൈനാര്‍ നാഗേന്ദ്രന്റെ അധിക്ഷേപ പരാമര്‍ശം. ഇതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് നൈനാറിനെതിരെ ഉയരുന്നത്.
പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഒരാള്‍ ബഹുമാനത്തോടെയും അര്‍ത്ഥവത്തായും സംസാരിക്കണമെന്നും ടിവികെ വ്യക്തമാക്കി. നൈനാര്‍ നാഗേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ മുന്‍ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയും രംഗത്തെത്തി. പരാമര്‍ശത്തെ അപലപിച്ചു അണ്ണാമലൈ രാഷ്ട്രീയ മാന്യതയുടെ അതിരുകള്‍ ലംഘിച്ചുവെന്നും ആരോപിച്ചു.
'തമിഴ്നാടിന്റെ രാഷ്ട്രീയ മേഖലയെ അശ്ലീലമാക്കുന്ന പ്രസംഗങ്ങള്‍ തുടര്‍ച്ചയായി വരുന്നത് അങ്ങേയറ്റം അപലപനീയമാണ്. ഡിഎംകെയിലെ ഉദയനിധി സ്റ്റാലിന് പിന്നാലെ, തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രനും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്യുടെ അമ്മയെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തി രാഷ്ട്രീയ മാന്യതയുടെ അതിരുകള്‍ ലംഘിച്ചത് അങ്ങേയറ്റം ഖേദകരമാണ്. രാഷ്ട്രീയത്തിലുള്ളവര്‍ അവരുടെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും ഉത്തരവാദികളായിരിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കാം. നയങ്ങളെ വിമര്‍ശിക്കാം. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്യാം. എന്നാല്‍ ഒരാളുടെ കുടുംബത്തെയോ പ്രത്യേകിച്ച് അവരുടെ അമ്മയെയോ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെ'ന്നും അദ്ദേഹം എക്സില്‍ കുറിച്ചു.