തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ അസഭ്യ പരാമര്‍ശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്

ഒക്ടോബര്‍ ഏഴിന് ചെന്നൈയില്‍ നടന്ന പരിപാടിക്കിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്തുവന്നത്.

 

പരിപാടി സംഘടിപ്പിച്ച ഡിഎംകെ ഹാര്‍ബര്‍ ഏരിയ സെക്രട്ടറി മുരളിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കെതിരെ അസഭ്യ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഡിഎംകെ വനിതാ നേതാവിനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. ഡിഎംകെ കൗണ്‍സിലറും പാര്‍ട്ടിയുടെ വനിതാ വിഭാഗം ചെന്നൈ ജില്ലാ ഓര്‍ഗനൈസറുമായ സുധ ദീനദയാലനെതിരെയാണ് നടപടി. പരിപാടി സംഘടിപ്പിച്ച ഡിഎംകെ ഹാര്‍ബര്‍ ഏരിയ സെക്രട്ടറി മുരളിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഒക്ടോബര്‍ ഏഴിന് ചെന്നൈയില്‍ നടന്ന പരിപാടിക്കിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്തുവന്നത്. പരാമര്‍ശത്തിനെതിരെ മന്ത്രിമാരടക്കം രംഗത്തെത്തിയതിനു പിന്നാലെ രാത്രിയോടെയാണ് പൊലീസ് കേസെടുത്തത്. പരിപാടിയില്‍ പങ്കെടുത്ത കനിമൊഴി എംപി, ചെന്നൈ മേയര്‍ പ്രിയ, മുന്‍ മന്ത്രി ശേഖര്‍ ബാബു എന്നിവര്‍ക്കെതിരെ നിലവില്‍ കേസെടുത്തിട്ടില്ലെന്നാണ് സൂചന.

അതേസമയം, വേദിയില്‍വെച്ചുതന്നെ സുധ ദീനദയാലന്റെ പരാമര്‍ശത്തെ കനിമൊഴി തിരുത്തുന്ന ദൃശ്യങ്ങള്‍ ഡിഎംകെ പുറത്തുവിട്ടു. എന്ത് പ്രകോപനമുണ്ടായാലും മാന്യതയോടെ സംസാരിക്കണമെന്നും പെരിയാറിന്റെയും അണ്ണാദുരൈയുടെയും ആശയങ്ങള്‍ പിന്തുടരണമെന്നും കനിമൊഴി പ്രസംഗിക്കുന്ന ഭാഗങ്ങളാണ് പുറത്തുവിട്ടത്. വിവാദ പരാമര്‍ശത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമായ സാഹചര്യത്തിലാണ് ഡിഎംകെയുടെ വിശദീകരണ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്