ദാവൂദ് ഇബ്രാഹിമിന്റെ പഴയ വസതി പൊളിക്കുന്നത് വിവാദത്തിൽ; താഴത്തെ നിലയിലുള്ളത് 140 വർഷം പഴക്കമുള്ള മസ്ജിദെന്ന് പ്രദേശവാസികളും പ്രതിപക്ഷവും
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെയും കുടുംബത്തിന്റെയും പഴയ വസതിയും പ്രവർത്തനകേന്ദ്രവുമായിരുന്ന മുംബൈ ഭേണ്ഡി ബസാറിലെ ഹാജി ഇസ്മായിൽ ഹബീബ് മുസാഫിർഖാന കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ പൊളിക്കാനുള്ള ബിഎംസി നടപടി വിവാദത്തിൽ. ജീർണാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കി റോഡ് വീതികൂട്ടുന്നതിനായി നവംബർ 18, 19 തീയതികളിൽ നടപടി ആരംഭിച്ചതോടെയാണ് പ്രതിഷേധമുയർന്നത്.
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെയും കുടുംബത്തിന്റെയും പഴയ വസതിയും പ്രവർത്തനകേന്ദ്രവുമായിരുന്ന മുംബൈ ഭേണ്ഡി ബസാറിലെ ഹാജി ഇസ്മായിൽ ഹബീബ് മുസാഫിർഖാന കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ പൊളിക്കാനുള്ള ബിഎംസി നടപടി വിവാദത്തിൽ. ജീർണാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കി റോഡ് വീതികൂട്ടുന്നതിനായി നവംബർ 18, 19 തീയതികളിൽ നടപടി ആരംഭിച്ചതോടെയാണ് പ്രതിഷേധമുയർന്നത്.
കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള പ്രാർത്ഥനാ ഹാൾ 140 വർഷം പഴക്കമുള്ള മസ്ജിദാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികളും കോൺഗ്രസ്, എഐഎംഐഎം നേതാക്കളും രംഗത്തെത്തി. സുപ്രീം കോടതിയുടെയും വഖഫ് ട്രൈബ്യൂണലിന്റെയും സ്റ്റേ ഉത്തരവുകൾ നിലനിൽക്കെ, മതിയായ മുൻകൂർ നോട്ടീസ് നൽകാതെ ഏകപക്ഷീയമായാണ് കെട്ടിടം പൊളിക്കുന്നതെന്ന് എഐഎംഐഎം നേതാവ് വാരിസ് പത്താനും കോൺഗ്രസ് എംഎൽഎ അമീൻ പട്ടേലും ആരോപിച്ചു. നടപടി തടയുന്നതിനായി കോടതിയെ സമീപിക്കാനും ഇവർ ഒരുങ്ങുകയാണ്. 2020-ൽ കെട്ടിടത്തിന്റെ ഭൂരിഭാഗവും ഒഴിപ്പിച്ച് ഭാഗികമായി പൊളിച്ചിരുന്നു; നിലവിൽ താഴത്തെ നിലയിലെ പ്രാർത്ഥനാ ഹാളും ഒന്നാം നിലയിലെ പത്തോളം മുറികളുമാണ് അവശേഷിക്കുന്നത്.