കോവിഡ് കുത്തനെ ഉയരുന്നു ; ഡൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും

 

ന്യൂഡൽഹി : പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ ഡെൽഹിയിൽ വർധന തുടരുന്നു. ഞായറാഴ്‌ച മാത്രം ഡെൽഹിയിൽ 517 കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. കൂടാതെ 4.21 ശതമാനമായി കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയും ചെയ്‌തു.

കഴിഞ്ഞ കുറച്ചു ആഴ്‌ചകളായി ഡെൽഹിയിൽ പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടാകുകയാണ്. നിലവിൽ കോവിഡ് നാലാം തരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് രോഗബാധിതരുടെ എണ്ണം ഉയരുന്നത്. 30ൽ താഴെയെത്തിയ കോവിഡ് കേസുകൾ നിലവിൽ 500ന് മുകളിൽ എത്തിയിരിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.

രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ. മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കര്‍ശനമാക്കാന്‍ ആലോചനയുള്ളതായി ഡെല്‍ഹി ദുരന്തനിവാരണസേന അറിയിച്ചു. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരോട് പരിശോധന നടത്താനും രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാനും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌.