ഡൽഹിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് വയോധികൻ മരിച്ചു

 

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ മധു വിഹാറിൽ ഒരു വീടിന്റെ ആറാം നിലയിലെ മതിൽ ഇടിഞ്ഞുവീണ് 67കാരൻ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അവരെ എൽ.ബി.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചന്ദർ പാൽ എന്നയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി പ്രഖ്യാപിച്ചു.

പരിക്കേറ്റ 38 വയസ്സുള്ള രാജ്ബീർ മീർണ എന്ന മറ്റൊരാൾ ഇപ്പോൾ ചികിത്സയിലാണ്. മറ്റൊരു സംഭവത്തിൽ, കരോൾ ബാഗിൽ വൈകുന്നേരം 6.51ന് മതിൽ ഇടിഞ്ഞുവീണ് 13 വയസ്സുള്ള ഒരു ആൺകുട്ടിക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. വീടുകൾ തകർന്നതായി അഞ്ച് കോളുകളും മരങ്ങൾ കടപുഴകി വീണതായി 18 കോളുകളും വെള്ളിയാഴ്ച ഡൽഹി അഗ്നിശമന സേനക്ക് ലഭിച്ചു.