ടോപ്പറാണ് പക്ഷേ ഇന്റേൺഷിപ്പിന് ആരും വിളിക്കുന്നില്ല; സങ്കടം പങ്കുവെച്ച് ഡൽഹി സർവകലാശാല വിദ്യാർഥിനി
മികച്ച കരിയർ ലഭിക്കാൻ ടോപ്പറായിട്ട് മാത്രം കാര്യമില്ലെന്ന് പറയുകയാണ് ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥിനി ബിസ്മ ഫരീദ് ഖാൻ. ടോപ്പറായിട്ടും കമ്പനികൾ തന്നെ ഇന്റേൺഷിപ്പിന് വിളിക്കുന്നില്ലെന്ന് പറയുകയാണ് ബിസ്മ. ലിങ്ക്ഡ് ഇന്നിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.'ഞാനൊരു ടോപ്പറാണ്, എനിക്ക് ഇന്റേൺഷിപ്പ് ലഭിക്കുന്നില്ല' എന്ന് തുടങ്ങുന്ന പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
'നന്നായി മാർക്ക് വാങ്ങിയാൽ മറ്റെല്ലാം താനേ ശരിയാകുമെന്നും എന്റെ കോളേജ് ജീവിതം മികച്ചതായിരിക്കുമെന്നുമുള്ള ഒരു മിഥ്യാധാരണയിലായിരുന്നു ഞാൻ. എന്നാൽ ഡൽഹി സർവകലാശാലയിൽ പ്രവേശനം ലഭിച്ച ശേഷം, ഞാൻ ഇന്റേൺഷിപ്പുകൾക്കായി അന്വേഷിക്കുകയും വെറുംകൈയോടെ മടങ്ങുകയും ചെയ്യേണ്ട അവസ്ഥയാണ്. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു, ഞാൻ നിങ്ങളോട് പറയുന്നു, ലോകത്തിന് മാർക്കുകൾ മാത്രം പോരാ ഗ്രേഡുകൾക്കപ്പുറം കഴിവും അഭിനിവേശവുമാണ് അവർക്കാവശ്യം. ഇന്റേൺഷിപ്പ് കിട്ടാത്തതിനെക്കുറിച്ചുള്ള പരിഭവം പറയാനല്ല എന്റെ പോസ്റ്റ്. ഈ തിരിച്ചറിവ് സഹപാഠികളുമായി പങ്കുവെക്കണം എന്നാണ് എന്റെ ഉദ്ദേശ്യം.കമ്പനികളെ മോശപ്പെടുത്തുകയല്ലെന്നും ഇത് തനിക്ക് പുതിയ അറിവാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്.
കോണാട്ട് പ്ലേസിലെ കോൺവെന്റ് ആൻഡ് ജീസസ് ആൻഡ് മേരി സ്‌കൂളിലാണ് ബിസ്മ പഠിച്ചതെന്നും സ്‌കൂളിൽ ടോപ്പറാണെന്നും ഇവർ പറയുന്നു.നമ്മുടെ അഭിനിവേശങ്ങൾ കണ്ടെത്താനും അവയെ കഴിവുകളാക്കി മാറ്റാനും നമുക്ക് അവസരം വേണം പോസ്റ്റിന് താഴെ ഒരാൾ കമന്റ് ചെയ്തു. നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള വിദ്യാഭ്യാസ സംസ്‌കാരം വളർത്തിയെടുക്കണമെന്നും മറ്റൊരാൾ കമന്റ് ചെയ്തു.