ഡൽഹിയിൽ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ കരട് വോട്ടർപട്ടികയിൽ 47.7 ലക്ഷം പേർ പുറത്ത്
ന്യൂഡൽഹി: ഡൽഹിയിലെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) ഭാഗമായി പുറത്തിറക്കിയ കരട് വോട്ടർപട്ടികയിൽ 47.7 ലക്ഷം പേർ പുറത്ത്. 1.45 കോടി വോട്ടർമാരുണ്ടായിരുന്ന പട്ടികയിൽ നിന്നാണ് 47.7 ലക്ഷം പേരെ വെട്ടിയത്. ആകെ വോട്ടർമാരുടെ മൂന്നിലൊന്ന് വരുമിത്. പരാതിയുള്ളവർക്ക് സെപ്റ്റംബർ 30 വരെ അപ്പീൽ നൽകാം. അന്തിമ വോട്ടർപട്ടിക നവംബർ നാലിന് പ്രസിദ്ധീകരിക്കും.
എസ്‌ഐആർ നടപടിയുടെ ഭാഗമായി വീടുതോറുമുള്ള പരിശോധനയിൽ 97.5 ലക്ഷം വോട്ടർമാരുടെ എന്യൂമറേഷൻ ഫോമുകളാണ് ശേഖരിച്ച് ഡിജിറ്റൈസ് ചെയ്തത്. ആകെ വോട്ടർമാരുടെ 67.18 ശതമാനമാണിത്. ബാക്കിയുള്ളവരെ കാണാനില്ലാത്തവർ, സ്ഥലംമാറിപ്പോയവർ, അന്തരിച്ചവർ, ആവർത്തിച്ചവർ, മറ്റുള്ളവർ എന്നീ വിഭാഗങ്ങളിലാണ് ഉൾപ്പെടുത്തിയത്.
കരട് പട്ടികയിൽ പേര് ഇല്ലാത്തവർക്ക് സെപ്റ്റംബർ 30 വരെ പരാതികൾ നൽകാം. ഇതിനായി ഫോം 6, ഡിക്ലറേഷൻ ഫോം, ആവശ്യമായ രേഖകൾ എന്നിവ സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു. വോട്ടർമാർക്ക് കരട് പട്ടികയിൽ സ്വന്തം പേര് ഓൺലൈനായി പരിശോധിക്കാം. വോട്ടർ എപിക് നമ്പർ, വ്യക്തിഗത വിവരങ്ങൾ, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ സെർച്ച് പോർട്ടലിൽ പരിശോധിക്കാനുള്ള സൗകര്യമുണ്ട്.