ഡൽഹി കലാപക്കേസ് ; കപിൽ മിശ്രക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് കോടതി
2020 ലെ ഡൽഹി കലാപത്തിൽ മന്ത്രി കപിൽ മിശ്രക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് കോടതി. ഡൽഹി റൗസ് അവന്യൂ കോടതിയുടേതാണ് നടപടി.
ന്യൂഡൽഹി: 2020 ലെ ഡൽഹി കലാപത്തിൽ മന്ത്രി കപിൽ മിശ്രക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് കോടതി. ഡൽഹി റൗസ് അവന്യൂ കോടതിയുടേതാണ് നടപടി. പരാതിയിൽ പരാമർശിച്ചിരിക്കുന്ന സംഭവങ്ങളിലൊന്നുമായി ബന്ധപ്പെട്ട് ഡൽഹി മന്ത്രി കപിൽ മിശ്ര പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വൈഭവ് ചൗരസ്യ വ്യക്തമാക്കി.
കുറ്റകൃത്യം നടന്ന സമയത്ത് കപിൽ മിശ്ര പ്രദേശത്തുണ്ടായിരുന്നെന്ന് വ്യക്തമാണെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. നേരത്തേ, സംഭവത്തിൽ മിശ്രയുടെ പങ്ക് തള്ളി ഡൽഹി പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു.
കലാപത്തിൽ കപിൽ മിശ്ര, ബി.ജെ.പി എം.എൽ.എ മോഹൻ സിങ് ബിഷ്ട്, മുൻ ബി.ജെ.പി എം.എൽ.എമാരായ ജഗദീഷ് പ്രധാൻ, സത്പാൽ സൻസദ്, ദയാൽപുർ പൊലീസ് സ്റ്റേഷനിലെ അന്നത്തെ എസ്.എച്ച്.ഒ എന്നീ അഞ്ചുപേർക്കെതിരെ യമുന വിഹാർ നിവാസിയായ മുഹമ്മദ് ഇല്യാസാണ് കോടതിയെ സമീപിച്ചത്.