പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം പ്രതിഷേധിച്ച് മഹാപഞ്ചായത്ത് നടത്താനുള്ള ഗുസ്തി താരങ്ങളുടെ നീക്കത്തിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്.
 

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. കലാപ ശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതു കൂടാതെ പിഡിപിപി ആക്ടിലെ സെക്ഷന്‍ മൂന്നും ചുമത്തിയിട്ടുണ്ട്.


പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സംഘര്‍ഷം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം പ്രതിഷേധിച്ച് മഹാപഞ്ചായത്ത് നടത്താനുള്ള ഗുസ്തി താരങ്ങളുടെ നീക്കത്തിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്നായിരുന്നു പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് സമീപത്തേക്കുള്ള മാര്‍ച്ച്. പ്രതിഷേധക്കാരെ തടയാന്‍ പൊലീസ് ബലംപ്രയോഗിച്ചു.