ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ്റെ ഫേസ്–IV പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ഡൽഹി മെട്രോയുടെ നാലാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ തുടരാൻ സുപ്രീം കോടതി അനുമതി നൽകി. സെൻട്രൽ എംപവേർഡ് കമ്മിറ്റി (CEC) മുന്നോട്ടുവച്ച വ്യവസ്ഥകൾ കർശനമായി പാലിക്കാമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) അറിയിച്ചതോടെയാണ്
ഡൽഹി മെട്രോയുടെ നാലാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ തുടരാൻ സുപ്രീം കോടതി അനുമതി നൽകി. സെൻട്രൽ എംപവേർഡ് കമ്മിറ്റി (CEC) മുന്നോട്ടുവച്ച വ്യവസ്ഥകൾ കർശനമായി പാലിക്കാമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) അറിയിച്ചതോടെയാണ് കോടതി നിർമാണ പ്രവർത്തനങ്ങൾ തുടരാൻ അനുവാദം നൽകിയത്. നിർമാണം ഏറ്റെടുക്കാനുള്ള ഡിഎംആർസിയുടെ അപേക്ഷ പരിശോധിക്കാൻ നേരത്തെ ബെഞ്ച് സിഇസിയോട് റിപ്പോർട്ട് തേടിയിരുന്നു.
ഡൽഹിയുടെ പരിസ്ഥിതി ലോലപ്രദേശങ്ങളിൽ നിർമാണം നടത്താൻ സിഇസി അനുമതി നൽകിയെങ്കിലും, പ്രകൃതി സംരക്ഷണം ഉറപ്പാക്കാൻ 10 കർശന വ്യവസ്ഥകൾ നിശ്ചയിച്ചിട്ടുണ്ട്. ഡൽഹി പ്രിസർവേഷൻ ഓഫ് ട്രീ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം, മരങ്ങൾ മുറിക്കുന്നതിന് മുൻകൂർ അനുമതി വേണം. കൂടാതെ, റിഡ്ജ് മാനേജ്മെന്റ് ബോർഡിൽ പദ്ധതി ചെലവിന്റെ അഞ്ച് ശതമാനം നിക്ഷേപിക്കണം. നഷ്ടപരിഹാരമായി വനേതര ഭൂമിയിൽ 1,280 മരങ്ങൾ നടണം എന്നതും പ്രധാന വ്യവസ്ഥകളിലുണ്ട്.
നാലാം ഘട്ടത്തിൽ ഇന്ദർലോക്–ഇന്ദ്രപ്രസ്ഥ, ലജ്പത് നഗർ–സാകേത് ജി ബ്ലോക്ക് എന്നീ മെട്രോ ഇടനാഴികളുടെ നിർമാണത്തിനാണ് കോടതി അനുമതി നൽകിയത്. ആദ്യ ഇടനാഴി ഭാഗത്ത് ഏകദേശം 20,915 ചതുരശ്ര മീറ്റർ ഭൂമി ആവശ്യമായി വരും; ഇവിടെ നിന്ന് 122 മരങ്ങൾ മുറിക്കേണ്ടിവരും. രണ്ടാം ഇടനാഴിയുടെ ഡിസൈൻ മാറ്റിയതോടെ ആവശ്യമായ ഭൂമി 7,770 ചതുരശ്ര മീറ്ററായി ചുരുങ്ങിയതായും, ഇവിടെ ഏകദേശം ആറു ചെറിയ മരങ്ങൾ മാത്രമേ മുറിക്കേണ്ടിവരൂ എന്നും അധികൃതർ അറിയിച്ചു.
2024 മാർച്ചിൽ കേന്ദ്ര മന്ത്രിസഭ ഈ ഇടനാഴികൾക്ക് അംഗീകാരം നൽകിയിരുന്നു. പദ്ധതി 2029ഓടെ കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് ഡിഎംആർസി അറിയിച്ചു. സിവിൽ വർക്ക് നിർമാണങ്ങൾ ഉടൻ ആരംഭിക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, മെട്രോയുടെ മുൻ ഘട്ടങ്ങളിൽ നിയമങ്ങൾ കർശനമായി പാലിച്ചില്ലെന്ന് സിഇസി വിമർശിച്ചതായും റിപ്പോർട്ടുണ്ട്. 2020-ൽ ജനക്പുരി–മുഖർജി ചൗക്ക് ഇടയിലുള്ള വനഭൂമിയിൽ മുൻകൂർ അനുമതിയില്ലാതെ നിർമാണം ആരംഭിച്ചതായി കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്നത്തെ ചീഫ് പ്രോജക്ട് മാനേജർ സി.പി. സിംഗ്ക്ക് വനം സംരക്ഷണ നിയമം, 1980 ലംഘിച്ചതിന് നോട്ടീസ് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്ന് സിഇസി റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നിയമനടപടികൾക്ക് ശുപാർശ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.