ഡൽഹിയുടെ പേര് 'ഇന്ദ്രപ്രസ്ഥ'യെന്ന് ആക്കണം ; അമിത് ഷായ്ക്ക് ബിജെപി എംപിയുടെ കത്ത്

 

ഡൽഹി : ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കണമെന്നാവശ്യപ്പെട്ട് അമിത് ഷായ്ക്ക് ബിജെപി എംപിയുടെ കത്ത്. ദില്ലി വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവയുടെ പേരും മാറ്റണമെന്ന് ചാന്ദ്നി ചൗക്ക് എംപി പ്രവീൺ ഖണ്ഡേൽവാൾ അയച്ച കത്തിൽ ആവശ്യമുണ്ട്. യുപിക്ക് പിന്നാലെ രാജ്യതലസ്ഥാനത്തും ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ പഴയ പേരുകൾ മാറ്റാനുള്ള ആവശ്യം ശക്തമാവുകയാണ്.

നീണ്ട ഇടവേളയ്ക്ക് ശേഷം ദില്ലിയിൽ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ പേരുകൾ മാറ്റാനുള്ള നിർദേശങ്ങൾ കൂടുകയാണ്. സംസ്ഥാനത്തിന്റെ പേര് മാത്രമല്ല. ഇന്ദിരാ​ഗാന്ധി വിമാനത്താവളത്തിന് ഇന്ദ്രപ്രസ്ഥ വിമാനത്താവളമെന്നും ഓൾഡ് ദില്ലി റെയിൽവേ സ്റ്റേഷന് ഇന്ദ്രപ്രസ്ഥ ജംഷൻ എന്നും പേര് മാറ്റണമെന്ന ആവശ്യവും കത്തിലുണ്ട്. ന​ഗരത്തിലെ പ്രധാനപ്പെട്ട ഇടങ്ങളിൽ പാണ്ഡവൻമാരുടെ പ്രതിമകൾ സ്ഥാപിക്കണമെന്നും ബിജെപി എംപി നിർദേശിക്കുന്നു. മഹാഭാരതത്തിൽ പഞ്ച പാണ്ഡവൻമാർ യുമനാനദീ തീരം തലസ്ഥാന ന​ഗരിയാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് എംപിയുടെ ആവശ്യം. സാംസ്കാരികവും ചരിത്രപരവുമായ ഘടകങ്ങൾ പരി​ഗണിച്ച് തലസ്ഥാന നഗരത്തിൻ്റെ പേര് തന്നെ മാറ്റി രാജ്യത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കണമെന്നും എംപി പറയുന്നു.

ദില്ലിയിൽ മോദി സർക്കാർ അധികാരമേറ്റത് മുതൽ നിരവധി പേരുമാറ്റങ്ങൾ നടന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതി ഉൾപ്പെടുന്ന റേസ് കോഴ്സ് റോഡ് ലോക് കല്യാൺ മാർ​ഗ് എന്നാക്കിയതും രാജ്പഥ് കർത്തവ്യപഥ് ആയതും ഔറം​ഗസേബ് റോഡ് എപിജെ അബ്ദുൾകലാം റോഡ് ആയതും ഉദാഹ​രണമാണ്. അതേസമയം, ഒരു സംസ്ഥാനത്തിന്റെ പേര് മാറ്റാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തോടെ പാർലമെന്റിലോ നിയമസഭയിലോ ബിൽ കൊണ്ടുവന്ന് പാസാക്കണം. കേന്ദ്ര സർക്കാറോ മുതിർന്ന ബിജെപി നേതാക്കളോ കത്തിനോട് പ്രതികരിച്ചിട്ടില്ല.