ചെങ്കോട്ടയിൽ സൈനികർക്ക് സ്മാരകം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി തള്ളി ഡൽഹി ഹൈക്കോടതി

ഇന്ത്യൻ നാഷണൽ ആർമിയിലെ (ഐ.എൻ.എ) രക്തസാക്ഷികൾക്കായി ചെങ്കോട്ടയിൽ ഒരു പ്രത്യേക സ്മാരകം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഡൽഹി ഹൈക്കോടതി തള്ളി.

 

 ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ ആർമിയിലെ (ഐ.എൻ.എ) രക്തസാക്ഷികൾക്കായി ചെങ്കോട്ടയിൽ ഒരു പ്രത്യേക സ്മാരകം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഡൽഹി ഹൈക്കോടതി തള്ളി. സ്മാരകം സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തോട് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മഹാൻ സ്വതന്ത്ര സേനാനി ലാൽതി റാം ട്രസ്റ്റ് സമർപ്പിച്ച ഹരജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ നടപടി.

രക്തസാക്ഷികൾക്കായി ഒരു പ്രത്യേക സ്മാരകം പണിയാൻ വേണ്ടി ചെങ്കോട്ടയിൽ സ്ഥലം അനുവദിക്കാനോ സ്മാരകം പണിയാനോ ഉത്തരവിടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സ്മാരകം നിർമ്മിക്കുക എന്നത് നിയമപരമായ ഒരു അവകാശത്തോടോ ഭരണഘടനാപരമായ ചുമതലയോടോ ബന്ധപ്പെട്ടതല്ലെന്ന് രണ്ടംഗ ബെഞ്ച് നീരീക്ഷിച്ചു.

"ഇത് കോടതിക്ക് ഇടപെടാൻ സാധിക്കുന്ന വിഷയമാണോ? നിങ്ങൾ സ്മാരകം പണിയാൻ ആഗ്രഹിക്കുന്ന ആ രക്തസാക്ഷികളെ ആരും നിന്ദിക്കുന്നില്ല. എന്നാൽ അതൊരു റിട്ട് ഹരജിയുടെ വിഷയമാക്കാൻ സാധിക്കുമോ? ഒരു സ്മാരകം നിർമ്മിക്കുന്നത് ഏതെങ്കിലും നിയമപരമായ ചുമതലയോടോ അവകാശത്തോടോ ബന്ധപ്പെട്ടിരിക്കുന്നതല്ല. ഞങ്ങൾക്ക് എങ്ങനെ അത്തരമൊരു നിർദ്ദേശം നൽകാൻ കഴിയും? ചെങ്കോട്ടയിൽ സ്ഥലം അനുവദിക്കാനും സ്മാരകം നിർമ്മിക്കാനും സർക്കാരിനോട് എങ്ങനെ നിർദ്ദേശിക്കാൻ സാധിക്കും?," - ബെഞ്ച് ചോദിച്ചു.

2021 ഓഗസ്റ്റ് 2-ന് ലോകസഭയിൽ നൽകിയ മറുപടിയിൽ ഐ.എൻ.എ രക്തസാക്ഷി സ്മാരകം അടക്കമുള്ള നിർദ്ദേശങ്ങൾക്ക് കേന്ദ്രം അംഗീകാരം നൽകിയിരുന്നെന്നും, എന്നാൽ ഇതുവരെ അത് നടപ്പിലാക്കിയില്ലെന്നും മഹാൻ സ്വതന്ത്ര സേനാനി ലാൽതി റാം ട്രസ്റ്റ് വാദിച്ചു. സർക്കാരിന്റെ പരാജയം സമത്വത്തിനുള്ള മൗലികാവകാശത്തിന്റെയും ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്നും ട്രസ്റ്റ് ഹരജിയിൽ പറഞ്ഞിരുന്നു.

എന്നാൽ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) പത്രക്കുറിപ്പുകളിലൂടെ വഴി നടത്തുന്ന പ്രഖ്യാപനങ്ങൾ മാത്രം നിയമപരമായ അവകാശം നേടിയെടുക്കാനോ അവകാശപ്പെടാനോ അടിസ്ഥാനമാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നിരുന്നാലും, കേന്ദ്ര സർക്കാരിലെ ബന്ധപ്പെട്ട മന്ത്രാലയത്തെ സമീപിക്കാൻ ഹർജിക്കാർക്ക് കോടതി അനുമതി നൽകി. ട്രസ്റ്റ് നിവേദനം നൽകിയാൽ സർക്കാർ അതിന്മേൽ കൃത്യമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി നിർദ്ദേശിച്ചു.