‘പെൺകുട്ടികളുടെ വസ്ത്രധാരണമല്ല, പുരുഷന്മാരുടെ പെരുമാറ്റമാണ് മാറേണ്ടത്’ ; ഡൽഹി ഹൈക്കോടതി

 

 സ്ത്രീകൾ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ഒരിക്കലും ന്യായീകരണമല്ലെന്ന സുപ്രധാന നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. സ്ത്രീകളെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ പെരുമാറ്റത്തിലാണ് മാറ്റം വരേണ്ടതെന്നും കോടതി വ്യക്തമാക്കി. ലൈംഗികാതിക്രമ കേസിൽ പ്രതിയെ വെറുതെ വിട്ട കീഴ്ക്കോടതി നടപടി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രശേഖരൻ സുധയുടെ ഈ നിരീക്ഷണം.

എല്ലാവരോടും മാന്യമായി പെരുമാറാൻ കുട്ടികളെ പഠിപ്പിക്കുകയാണ് മാതാപിതാക്കളും സമൂഹവും ചെയ്യേണ്ടതെന്ന് കോടതി ഓർമ്മിപ്പിച്ചു. വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകൻ സ്വീകരിച്ച ക്രോസ്-വിസ്താര രീതിയെയും വാദങ്ങളെയും കോടതി രൂക്ഷമായി വിമർശിച്ചു. പെൺകുട്ടിയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്തുകൊണ്ടും എതിർപ്പുകൾ ഉന്നയിച്ചുകൊണ്ടും പെൺകുട്ടിയുടെ സ്വഭാവഹത്യ നടത്താനാണ് വിചാരണ വേളയിൽ ശ്രമിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

“ഒരു പെൺകുട്ടിയോ സ്ത്രീയോ എന്ത് വസ്ത്രം ധരിക്കണം എന്നത് അവരുടെ തികച്ചും വ്യക്തിപരമായ തീരുമാനമാണ്. ആർക്കും തന്നെ അവരുടെ വസ്ത്രധാരണത്തെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകാൻ അവകാശമില്ല. ജീൻസ് ധരിക്കുന്ന ഒരു സ്ത്രീ ‘ആൺകുട്ടികളെ വഴിതെറ്റിച്ചേക്കാം’ എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ അതീവ ആശങ്കാജനകവും ഒട്ടും അംഗീകരിക്കാനാവാത്തതുമാണ്” എന്ന് കോടതി നിരീക്ഷിച്ചു. ഒരു സ്ത്രീയുടെ വസ്ത്രധാരണം അവരുടെ അന്തസ്സിനെ ഒരിക്കലും കുറയ്ക്കുന്നില്ലെന്നും, അവർക്കെതിരായ അതിക്രമങ്ങളെ ന്യായീകരിക്കാൻ അത് കാരണമാകില്ലെന്നും കോടതി വ്യക്തമാക്കി.