യുവ കായികതാരങ്ങൾക്ക് പ്രതിമാസം 2000 രൂപ ധനസഹായവുമായി ഡൽഹി സർക്കാർ
യുവ കായികതാരങ്ങൾക്ക് പരിശീലനവും പോഷകാഹാരവും ഉൾപ്പെടെയുള്ള അടിസ്ഥാന ചെലവുകൾക്കായി പ്രതിമാസം 2000 രൂപ ധനസഹായവുമായി ഡൽഹി സർക്കാർ. മുഖ്യമന്ത്രി ഖേൽ പ്രോത്സാഹൻ യോജനക്ക് കീഴിലുള്ള ഗ്രാസ്‌റൂട്ട് പരിശീലന പിന്തുണാ സഹായത്തിന്റെ ഭാഗമാണ് ധനസഹായം ലഭ്യമാക്കുക.
ന്യൂഡൽഹി : യുവ കായികതാരങ്ങൾക്ക് പരിശീലനവും പോഷകാഹാരവും ഉൾപ്പെടെയുള്ള അടിസ്ഥാന ചെലവുകൾക്കായി പ്രതിമാസം 2000 രൂപ ധനസഹായവുമായി ഡൽഹി സർക്കാർ. മുഖ്യമന്ത്രി ഖേൽ പ്രോത്സാഹൻ യോജനക്ക് കീഴിലുള്ള ഗ്രാസ്‌റൂട്ട് പരിശീലന പിന്തുണാ സഹായത്തിന്റെ ഭാഗമാണ് ധനസഹായം ലഭ്യമാക്കുക.
പരിശീലനവുമായി ബന്ധപ്പെട്ട ചെലവുകൾ പലപ്പോഴും യുവതാരങ്ങളുടെ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്ന സാഹചര്യത്തിലാണ് സർക്കാർ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പോഷകാഹാരം, യാത്ര, അടിസ്ഥാന കായിക ഉപകരണങ്ങൾ, പരിശീലനവുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ എന്നിവക്കായി സഹായം ഉപയോഗിക്കാനാകും.
സർക്കാർ കായിക കേന്ദ്രങ്ങളിൽ പരിശീലനം നടത്തുന്ന അർഹരായ യുവതാരങ്ങളെയാണ് പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തുക. അണ്ടർ 14, അണ്ടർ 17, അണ്ടർ 19, അണ്ടർ 21 വിഭാഗങ്ങളിലെ താരങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കായിക പ്രകടനത്തിന്റെയും ഹാജറിന്റെയും അച്ചടക്കത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഡൽഹിയിൽ പുതിയ കായിക പ്രതിഭകളെ കണ്ടെത്തി വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സാമ്പത്തിക പരിമിതികൾ കാരണം പരിശീലനം ഉപേക്ഷിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനും ഇത് ലക്ഷ്യമിടുന്നു.