ദില്ലി തീപിടുത്തം: വെന്തു മരിച്ചവരില്‍ ഒരു കുടുംബത്തിലെ എട്ടുപേര്‍; ഇവരെത്തിയത് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗിയെ കാണാന്‍

അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

 

ആറ് മുറികള്‍ക്ക് മാത്രം അനുമതി ഉള്ളന്നിരിക്കെ, 24 മുറികളാണ് ഹോട്ടലില്‍ പ്രവര്‍ത്തിച്ചിരുന്നത്.

ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തില്‍ വെന്തു മരിച്ചവരില്‍ ഒരു കുടുംബത്തിലെ എട്ടുപേര്‍. വിവേക് അഗര്‍വാള്‍ (42), ഭാര്യ തരജനി, ഇവരുടെ രണ്ടു പെണ്‍കുട്ടികള്‍, വിവേകിന്റെ അമ്മ പ്രേമലത, വിവേകിന്റെ അമ്മാവന്‍ അശോക് അഗര്‍വാള്‍, വിവേകിന്റെ അമ്മയുടെ സഹോദരി, അവരുടെ ഭര്‍ത്താവ് എന്നിവര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. വിവേകിന്റെ പിതാവ് രാധേ ശ്യാം മാക്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്നാണ് മറ്റു ബന്ധുക്കളും ഇവിടെയൊക്കെ എത്തിയത്.
സൗത്ത് ദില്ലിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലാണ് അഗ്‌നിക്കിരയായത്. ബുധനാഴ്ച രാവിലെ ആണ് സംഭവം. മരണപ്പെട്ടവരില്‍ 18 പേര്‍ വിദേശ പൗരന്മാരാണ്. ആഫ്രിക്കന്‍, ബം?ഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ പൗരന്മാരാണ് മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നത്. ഒറ്റനില മാത്രമായിരുന്ന കെട്ടിടത്തില്‍ കൂടുതല്‍ നിലകള്‍ പണിതെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

ആറ് മുറികള്‍ക്ക് മാത്രം അനുമതി ഉള്ളന്നിരിക്കെ, 24 മുറികളാണ് ഹോട്ടലില്‍ പ്രവര്‍ത്തിച്ചിരുന്നത്. മാളവ്യ നഗറിലെ ദ പ്രസ് എന്‍ക്ലേവ് റോഡിലുള്ള ഹോട്ടലിനാണ് തീപിടിച്ചത്. ഇതടക്കം നിരവധി ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഈ മേഖലയിലുണ്ട്. സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരാണ് ഹോട്ടലുകളിലെ പ്രധാന താമസക്കാര്‍. ഇതില്‍ വിദേശികളും സ്വദേശികളും ഉള്‍പ്പെടുന്നുണ്ട്. അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.