ദില്ലിയിലെ കെട്ടിട അപകടം; മരണം ആറായി, കുടുങ്ങിയവര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചികിത്സയിലുള്ള ഏഴ് പേരെ ഇനിയും തിരിച്ചറിയാനായില്ല.

 

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

ദില്ലി സത്യനികേതനില്‍ ബഹുനില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ മരണം ആറായി. പുലര്‍ച്ചയോടെ ഒരു മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ചികിത്സയിലുള്ള ഏഴ് പേരെ ഇനിയും തിരിച്ചറിയാനായില്ല. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ ഉണ്ടെന്നാണ് സംശയം. അതേസമയം, സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി രേഖ ഗുപ്ത ഉത്തരവിട്ടു.


ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് തെക്കന്‍ ദില്ലിയിലെ സത്യ നികേതനില്‍ അഞ്ച് നില ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണത്. ദില്ലി സര്‍വകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപം പിജി ഹോസ്റ്റലായി പ്രവര്‍ത്തിച്ചിരുന്ന ഡെയ്‌സ് ഹോസ്റ്റല്‍ എന്ന കെട്ടിടമാണ് നിലം പൊത്തിയത്. ആണ്‍കുട്ടികളായിരുന്നു ഇവിടെ താമസിച്ചിരുന്നത്. അപകട സമയത്ത് നാല്പത് പേരെങ്കിലും കെട്ടിടത്തിലുണ്ടാകാമെന്നാണ് കണക്ക് കൂട്ടല്‍. ഭൂകമ്പ സമാനം വലിയ ശബ്ദത്തോടെ കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് സമീപത്തെ കടകളിലുണ്ടായിരുന്നവര്‍ പറഞ്ഞത്. വലിയ കോണ്‍ക്രീറ്റ് പാളികള്‍ക്കുള്ളില്‍ അകപ്പെട്ടവരെ പുറത്തെടുക്കാന്‍ നന്നേ കഷ്ടപ്പെട്ടു. രക്ഷപ്പെടുത്തിയവരെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടക്കത്തില്‍ പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടറിങ്ങിയത്. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴസ്, പൊലീസ് തുടങ്ങി വിവിധ ഏജന്‍സികള്‍ പിന്നാലെയെത്തി. കോണ്‍ക്രീറ്റ് പാളികള്‍ വെട്ടിപൊളിച്ച് ആളുകളെ പുറത്തെടുക്കാന്‍ വലിയ കാലതാമസം നേരിടുകയാണ്.