വിധി പറയുന്നതിലെ കാലതാമസം; ഹൈക്കോടതികൾക്ക് മാർഗനിർദേശവുമായി സുപ്രീംകോടതി

വിധി പറയുന്നതിലെ കാലതാമസം ഒഴിവാക്കാൻ ഹൈക്കോടതികൾക്ക് മാർഗ്ഗനിർദ്ദേശവുമായി സുപ്രീംകോടതി. വിധി പറയുന്നതിന് മാറ്റിവെച്ച കേസുകളിൽ മൂന്ന് മാസത്തിനകം വിധി പ്രസ്താവിക്കണമെന്നും ജാമ്യാപേക്ഷകളിലെ ഉത്തരവുകൾ വാദം കേൾക്കുന്ന അതേ ദിവസം തന്നെയോ, അല്ലെങ്കിൽ പരമാവധി അടുത്ത ദിവസമോ പ്രസ്താവിക്കണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി .
 

ന്യൂഡൽഹി: വിധി പറയുന്നതിലെ കാലതാമസം ഒഴിവാക്കാൻ ഹൈക്കോടതികൾക്ക് മാർഗ്ഗനിർദ്ദേശവുമായി സുപ്രീംകോടതി. വിധി പറയുന്നതിന് മാറ്റിവെച്ച കേസുകളിൽ മൂന്ന് മാസത്തിനകം വിധി പ്രസ്താവിക്കണമെന്നും ജാമ്യാപേക്ഷകളിലെ ഉത്തരവുകൾ വാദം കേൾക്കുന്ന അതേ ദിവസം തന്നെയോ, അല്ലെങ്കിൽ പരമാവധി അടുത്ത ദിവസമോ പ്രസ്താവിക്കണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി .

തടവുകാരന്റെ മോചനം സംബന്ധിച്ച് ജാമ്യം അനുവദിച്ചതിന്റേയും ശിക്ഷ മരവിപ്പിച്ചതിന്റെയും ഉത്തരവുകൾ ജയിൽ അധികൃതരെ ഉടൻ തന്നെ അറിയിക്കണം. വിധിയുടെ പ്രധാന ഭാഗം മാത്രമാണ് പ്രസ്താവിക്കുന്നതെങ്കിൽ കാരണങ്ങൾ സഹിതമുള്ള വിശദമായ വിധിന്യായം 15 ദിവസത്തിനകം വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണം. കേസ് വിധി പറയാൻ മാറ്റിവെച്ച് നാല് മാസമായിട്ടും വിധി പ്രസ്താവിച്ചില്ലെങ്കിൽ, കേസ് മറ്റൊരു ബെഞ്ചിന് വിട്ടുനൽകാൻ കക്ഷികൾക്ക് ചീഫ് ജസ്റ്റിസിനോട് അപേക്ഷിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.


വിധിയുടെ പ്രധാന ഭാഗം പ്രസ്താവിച്ച് ഒരു മാസത്തിനകം കാരണങ്ങൾ സഹിതമുള്ള വിധിന്യായം നൽകിയില്ലെങ്കിലും കേസ് മറ്റൊരു ബെഞ്ചിന് കൈമാറാൻ കക്ഷികൾക്ക് ചീഫ് ജസ്റ്റിസിനോട് അപേക്ഷിക്കാം. കാരണങ്ങൾ സഹിതമുള്ള വിധിന്യായം തുറന്ന കോടതിയിൽ പ്രസ്താവിച്ചാൽ 24 മണിക്കൂറിനകം അത് വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണം. വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളിൽ വിധി പറയാൻ മാറ്റിവെച്ച തീയതി, വിധി പ്രസ്താവിച്ച തീയതി, വിധി വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്ത തീയതി എന്നിവ രേഖപ്പെടുത്തണം എന്നുമാണ് സുപ്രിംകോടതിയുടെ നിർദ്ദേശം.