ഓപ്പറേഷന്‍ സിന്ദൂറില്‍ പാര്‍ലമെന്റിനെ പ്രതിരോധ മന്ത്രി തെറ്റിദ്ധരിപ്പിച്ചു;  അവകാശ ലംഘനത്തിന് ലോക്സഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി  കെ. സി. വേണുഗോപാല്‍

ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നീക്കവുമായി ബന്ധപ്പെട്ട് ലോക്‌സഭയെയും  ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങിനെതിരേ  അവകാശലംഘനത്തിന് നടപടി എടുക്കണമെന്നു ആവശ്യപ്പെട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനും ലോക്‌സഭാംഗവുമായ കെ. സി. വേണുഗോപാല്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കി. ലോക്‌സഭാ ചട്ടം റൂള്‍ 223 അനുസരിച്ചാണ് നടപടി ആവശ്യപ്പെട്ടത്

 

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നീക്കവുമായി ബന്ധപ്പെട്ട് ലോക്‌സഭയെയും  ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങിനെതിരേ  അവകാശലംഘനത്തിന് നടപടി എടുക്കണമെന്നു ആവശ്യപ്പെട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനും ലോക്‌സഭാംഗവുമായ കെ. സി. വേണുഗോപാല്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കി. ലോക്‌സഭാ ചട്ടം റൂള്‍ 223 അനുസരിച്ചാണ് നടപടി ആവശ്യപ്പെട്ടത്.

പഹല്‍ഗാം ഭീകരാക്രമണത്തെയും 'ഓപ്പറേഷന്‍ സിന്ദൂര്‍' സൈനിക നീക്കത്തെയും സംബന്ധിച്ച് 2025 ജൂലൈ 28-ന് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് പ്രതിരോധ മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചത്. സൈനികര്‍ക്കൊന്നും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല എന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രസ്താവന. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിനിടയില്‍ ഇന്ത്യന്‍ സായുധ സേനയിലെ 6 ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന്  സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സുബേദാര്‍ മേജര്‍ പവന്‍ കുമാര്‍, റൈഫിള്‍മാന്‍ സുനില്‍ കുമാര്‍, ലാന്‍സ് നായിക് ദിനേഷ് കുമാര്‍,ഏവിയേഷന്‍ ടെക്‌നീഷ്യന്‍ മുരളിനായക്, ഹവില്‍ദാര്‍ സുനില്‍ കുമാര്‍ സിംഗ്, സെര്‍ജന്റ് സുരേന്ദ്ര കുമാര്‍ എന്നിവര്‍ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നീക്കത്തിനിടയില്‍ കൊല്ലപ്പെട്ടതായാണ് സൈന്യം ഔദ്യോഗികമായി നല്‍കുന്ന വിവരം. 

ഒരു ഇന്ത്യന്‍ സൈനികന് പോലും ജീവഹാനി സംഭവിച്ചിട്ടില്ല എന്ന് പ്രഖ്യാപിച്ചതിലൂടെ പ്രതിരോധ മന്ത്രി പാര്‍ലമെന്റിനെ മനഃപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുയായിരുന്നു. യഥാര്‍ത്ഥ വിവരങ്ങള്‍ സഭയില്‍ നിന്ന് മറച്ചുവെച്ചത് സഭയോടുള്ള കടുത്ത അവഹേളനവും പാര്‍ലമെന്ററി അവകാശങ്ങളുടെ ലംഘനവുമാണ്. 6 സൈനികരുടെ ധീരമായ ത്യാഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെച്ചത് ഈ രാജ്യത്തോടും  സൈന്യത്തോടും കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളോടും കാണിച്ച കടുത്ത അപമാനമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഇത് ഗൗരവതരമായ വിഷയമാണെന്നും, സഭയെ തെറ്റിദ്ധരിപ്പിച്ച പ്രതിരോധ മന്ത്രിക്കെതിരെ അടിയന്തരമായി അവകാശ ലംഘനത്തിനു നടപടികള്‍ ആരംഭിക്കണമെന്നും വേണുഗോപാല്‍ ലോക്‌സഭാ സ്പീക്കറോട് ആവശ്യപ്പെട്ടു.